തിരുവനന്തപുരം: ഇടതടവില്ലാതെ വേട്ടയാടുന്ന ദുരിതങ്ങൾക്ക് മുന്നിൽ പകച്ച് ഒരു കുടുംബം. നൂറനാട് പുത്തൻവിള ക്ഷേത്രത്തിലെ ഉത്സവത്തിനു ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളിൽ പ്രശസ്തി നേടിയ ദേവുചന്ദന എന്ന കുരുന്നിന്റെ കുടുംബത്തെയാണ് ദുർവ്വിധി വിടാതെ പിന്തുടരുന്നത്.
തലച്ചോറിൽ നീർക്കെട്ട് ബാധിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് ദേവു. ദേവുവിന്റെ അച്ഛൻ നൂറനാട് എരുമക്കുഴി മീനത്തേതിൽ കിഴക്കേക്കരയിൽ ബി.ചന്ദ്രബാബുവിനെ (38) തിരുവനന്തപുരം എസ് എ ടി ആശുപത്രി വളപ്പിൽ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകളുടെ അസുഖത്തെത്തുടർന്ന് കടുത്ത മനഃപ്രയാസത്തിലായിരുന്നു ചന്ദ്രബാബുവെന്നും അതെത്തുടർന്ന് ജീവനൊടുക്കിയതാവാമെന്നുമാണ് പൊലീസ് നിഗമനം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മകളുടെ ദുരിതവും പ്രിയതമന്റെ വിയോഗവും ഏൽപ്പിച്ച ആഘാതങ്ങൾ ദേവുവിന്റെ അമ്മ രജിത എങ്ങനെ ഉൾക്കൊള്ളുമെന്നറിയാതെ വിങ്ങുകയാണ് നാട്ടുകാരും ബന്ധുക്കളും. ഇവർക്കുണ്ടായ ഇളയ കുട്ടി 6 മാസം മുൻപ് എസ്എടി ആശുപത്രിയിൽ പ്രസവം നടന്ന് മണിക്കൂറുകൾക്കകം മരിച്ചുപോയിരുന്നു.
അതേസമയം അബോധാവസ്ഥയിലായ ദേവുചന്ദനയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.എ.സന്തോഷ് കുമാർ പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കായി സാംപിളുകൾ അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post