തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ലോക്ക് ഡൗണിൽ പോകേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും ഐ എം എ പ്രസിഡന്റ് എബ്രഹാം വർഗീസ് സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
രോഗലക്ഷണമില്ലാത്ത രോഗികൾ വർദ്ധിക്കുന്നു. ആരോഗ്യ പ്രവർത്തകർക്ക് പോലും രോഗം വരുന്ന അവസ്ഥ സംസ്ഥാനത്ത് നിലവിലുണ്ട്. എടപ്പാളിൽ രണ്ട് ഡോക്ടർമാർക്ക് രോഗം ബാധിച്ചത് ഉദാഹരണമാണ്. കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിൽ എത്തുന്ന ആളുകൾ അവിടങ്ങളിലെ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആവുകയാണ്.
സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവർത്തകർക്കിടയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും ഐ എം എ ആവശ്യപ്പെടുന്നു. ടെസ്റ്റുകൾ വർധിപ്പിച്ച് രോഗികളെ വേഗം കണ്ടെത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങൾ ശക്തമാക്കണം.
സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോൾ രോഗ നിയന്ത്രണം എളുപ്പമാകില്ല. ജനങ്ങൾ ഉത്തരവാദിത്തതോടെ പെരുമാറേണ്ട ഘട്ടമാണിത്. നൽകിയ ഇളവുകൾ പലരും തെറ്റായി ഉപയോഗിച്ചു. ഇളവുകൾ നിർത്തി നിയമം കർശനമാക്കണമെന്നും ജനങ്ങളിൽ ഉത്തരവാദിത്തം വരണമെങ്കിൽ നിയന്ത്രണം ശക്തമാക്കണമെന്നും ഐ എം എ നിർദ്ദേശിക്കുന്നു.
വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമാണ് കേരളത്തിൽ. പലരും ശാരീരിക അകലം പാലിക്കുന്നില്ല. വാഹനങ്ങളിലും ചന്തകളിലുമെല്ലാം ആൾക്കൂട്ടമുണ്ട്. മാസ്ക് ശരിയായി ധരിക്കാതെ കഴുത്തിലിട്ടാണ് സഞ്ചാരം. ഇതൊക്കെ ഒഴിവാക്കി കാര്യങ്ങളെ ശരിയായ രീതിയിൽ പരിഗണിക്കാൻ അടിയന്തരമായി തയ്യാറാകണമെന്നും ഐ എം എ ആവശ്യപ്പെടുന്നു.
Discussion about this post