കാഠ്മണ്ഡു: അധികാരത്തർക്കം രൂക്ഷമായി തുടരുന്ന നേപ്പാളിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിലേക്കെന്ന് സൂചന. സമവായത്തിനുള്ള അവസാന ശ്രമമായി വിശേഷിപ്പിച്ചിരുന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം മാറ്റി വെച്ചതോടെയാണ് പിളർപ്പിന്റെ സാദ്ധ്യതകൾ സജീവമായത്. നേപ്പാളിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജി വെക്കണമെന്ന് മുതിർന്ന നേതാവ് പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള പാർട്ടിയിലെ മറുവിഭാഗം ആവശ്യപ്പെടുകയായിരുന്നു.
പാർട്ടിയിലെ പദവികളും പ്രധാനമന്ത്രി പദവും ഒലി രാജിവെക്കണമെന്ന് പ്രചണ്ഡ ശക്തമായി ആവശ്യപ്പെടുകയായിരുന്നു. പ്രതിപക്ഷവും ഈ ആവശ്യം ഏറ്റെടുത്തിരുന്നു. എന്നാൽ ഇതിന് രണ്ടിനും ഒലി തയ്യാറാകാതിരുന്നതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.
ഭരണകക്ഷിയിലെ പ്രതിസന്ധിയിൽ ചൈന നേരിട്ട് ഇടപെട്ടതിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. വിഷയത്തിൽ മദ്ധ്യസ്ഥ ചർച്ചകൾ നടത്താനുള്ള ചൈനീസ് അംബാസഡർ ഹൂ യാങ്കിയുടെ നീക്കത്തിനെതിരെ ജനങ്ങൾ തെരുവിൽ പ്രതികരിച്ചിരുന്നു.
പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നത് ചൈനയുടെ നീക്കങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. ചൈനയുടെ ഇടപെടൽ മൂലമാണ് നേപ്പാൾ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പരിഷ്കരിച്ചത് എന്ന ആരോപണം ശക്തമായിരുന്നു. കെ പി ശർമ്മ ഒലി ചൈനയുടെ താത്പര്യങ്ങൾക്ക് വേണ്ടി രാജ്യത്തിന്റെ പരമാധികാരം ബലി കഴിക്കുന്നതായാണ് വിമർശകരുടെ വാദം. പാർട്ടി പിളർന്നാൽ പ്രചണ്ഡ പക്ഷത്തിന് മേൽക്കൈയുള്ള സർക്കാർ അധികാരത്തിൽ വരാനാണ് സാദ്ധ്യത. ഇത് ചൈനക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Discussion about this post