സ്വർണക്കടത്തിലെ പ്രമുഖ സ്വപ്ന സുരേഷിനെ പരിചയമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരിഹസിച്ച് ബിജെപി ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണൻ. മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടുള്ള രാധാകൃഷ്ണനെ പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
മുഖ്യമന്ത്രീ, സ്വപ്ന സുരേഷിനെ പരിചയമില്ല എന്ന് മാത്രം അങ്ങ് പറയരുത്; ആ പരിപ്പ് ഇനി വേവില്ല; തൊടുന്യായം പറഞ്ഞ് ഒഴിഞ്ഞു മാറരുത് മുഖ്യമന്ത്രീ പുരുഷോത്തം ഭാദൊരയ്യ എന്ന കൃഷിക്കാരനെ അങ്ങക്ക് പരിചയമുണ്ടാകണമെന്നില്ല. മധ്യപ്രദേശ് , പത്താം ക്ലാസ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ രോശ്‌നി ഭാദൊരയ്യയുടെ അച്ഛനാണ് അദ്ദേഹം. എല്ലാ ദിവസവും 48 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ആ പെൺകുട്ടി സ്‌കൂളിൽ പോയിരുന്നത്. അവളുടെ വീട്ടിൽ നിന്നും 24 കിലോമീറ്റർ അകലെയാണ് ഒരു ഹൈസ്‌ക്കൂൾ ഉള്ളത്. ഇംഗ്ലീഷ് മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചതോടെ അവളുടെ വീട്ടിലേക്ക് സഹായങ്ങളുടെ പ്രവാഹമായി. എന്നാൽ, പുരുഷോത്തം ഭാദൊരയ്യ അതെല്ലാം വിനയത്തോടെ നിരസിച്ചു. ആത്മാഭിമാനത്തോടെ ജീവിക്കേണ്ടതിന്റെ അനിവാര്യത താൻ തന്റെ മകളെ പഠിപ്പിച്ചിട്ടുണ്ട്. ദാനം സ്വീകരിച്ചാൽ അവൾക്ക് അത് നഷ്ടപ്പെടും. സർക്കാർ നൽകുന്ന വിഹിതമായ സഹായമല്ലാതെ മറ്റൊന്നും ഒരു കൃഷിക്കാരൻ എന്ന നിലയിൽ തനിക്ക് സ്വീകാര്യമല്ല. അന്തസ്സുറ്റ വാക്കുകൾ! മുഖ്യമന്ത്രി അങ്ങ് വെറുക്കുന്ന ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷതയാണിത്. ഈ സംസ്‌കാരം മനസിലാക്കാൻ കഴിയാതിരുന്നത് കൊണ്ടാണ് അങ്ങയുടെ ആചാര്യനായ കാറൽ മാക്‌സിന് ഭാരതം പ്രാകൃത ജനതയുടെ ആവാസഭൂമിയാണെന്ന് കണ്ടെത്തേണ്ടി വന്നത്.
ഉള്ളവനും ഇല്ലാത്തവനും മാത്രമല്ല വേണ്ടാത്തവൻ എന്ന ഒരു വിഭാഗം കൂടിയുണ്ടെന്ന് ലോകത്തിനു വെളിവാക്കിയ രാജ്യമാണ് ഭാരതം. പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് നടത്തുന്ന അണികളെയും നേതാക്കളെയും സംരക്ഷിക്കുന്ന പാർട്ടിയുടെ നേതാവായ അങ്ങേയ്ക്കും ഇത് മനസിലാകണമെന്നില്ല. ആർത്തിയാണ് അഭികാമ്യം എന്നു വിശ്വസിക്കുന്നവരുടെ അഭയസ്ഥാനമാണ് അങ്ങയുടെ പാർട്ടി. അങ്ങനെയാണ് ഉടുതുണിക്ക് മറുതുണിയില്ലാതെ പൊതുസേവനത്തിനു വരുന്നവർ ആ പൊതുജീവിതം തന്നെ തൊഴിലായി സ്വീകരിച്ച് കുബേര രാജാക്കന്മാരായി വാഴുന്നത്. ഇത്തരക്കാർ മറ്റുപാർട്ടികളിലും ഇല്ലേ എന്നാണ് മറുചോദ്യം. ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. അവർക്കാർക്കും പുരുഷോത്തം ഭാദൊരയ്യയുടെ ആത്മാഭിമാനത്തിന്റെ രീതിശാസ്ത്രം അറിയില്ല എന്ന് മാത്രം.
ആർത്തിയുടെ ഇരയും വേട്ടക്കാരിയുമാണ്, മുഖ്യമന്ത്രീ, അങ്ങയ്ക്ക് പരിചയമുള്ള സ്വപ്ന സുരേഷ് എന്ന സ്വർണ്ണക്കടത്ത് നായിക. അവരെ പരിചയമില്ല എന്ന് മാത്രം അങ്ങ് പറയരുത്. ആ പരിപ്പ് ഇനി വേവില്ല. ഒരു സ്വപ്ന സുരേഷും അനുയായികളും വിചാരിച്ചാൽ കോടാനുകോടികളുടെ സ്വർണ്ണം നയതന്ത്ര കാര്യാലയത്തിലൂടെ, നയതന്ത്ര സുരക്ഷയുടെ മറവിലൂടെ കടത്താൻ കഴിയില്ലെന്ന് അങ്ങയെപ്പോലെ എല്ലാവർക്കും അറിയാം; കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ സ്പീക്കർ പി. ശ്രീരാമകൃഷണനോട് ചോദിക്കാവുന്നതാണ്.
അങ്ങ് പറയുന്നത്, നയതന്ത്ര കാര്യാലയവും വിമാനത്താവളവുമെല്ലാം കേന്ദ്ര സർക്കാരിന്റെ കീഴിലാണ്; അവർ അന്വേഷിക്കട്ടെ എന്നാണ്. അവർ അന്വേഷിക്കുന്നത് കൊണ്ടാണ് പിടിക്കപ്പെട്ടത്. പക്ഷെ, മുഖ്യമന്ത്രീ, അങ്ങ് ഭരിക്കുന്ന സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രാഷ്ട്രീയ/വ്യവസായ/വ്യാപാരനേതാക്കൾ ഇല്ലേ? അവർ ആരൊക്ക എന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം അങ്ങേയ്ക്ക് ഇല്ലേ? അങ്ങ് അതിനു തയ്യാറാകണം. തൊടുന്യായം പറഞ്ഞ് ഒഴിഞ്ഞു മാറരുത്.
ഡോ. കെ. എസ്. രാധാകൃഷ്ണൻ
Discussion about this post