ടെക്നോഭീമനായ ഗൂഗിള്‍ നാട്ടുകാര്‍ക്ക് ഗുണകരമായി ഊര്‍ജ സംരക്ഷണത്തിനു പുതിയ പാതയൊരുക്കുന്നു. അതിനു തെളിവായി തങ്ങളുടെ പുതിയ പദ്ധതിയും അവര്‍ അവതരിപ്പിച്ചു- പ്രോജക്ട് സണ്‍റൂഫ്. നിങ്ങളുടെ വീടിനു മുകളില്‍ വീഴുന്ന സൂര്യപ്രകാശത്തിന്റെ അളവെത്ര, മേല്‍ക്കൂരയില്‍ ഏത് വലിപ്പത്തിലുള്ള സോളര്‍ പാനല്‍ ഘടിപ്പിക്കണം, എത്ര സോളര്‍ പാനല്‍ ഘടിപ്പിച്ചാല്‍ വീടിനാവശ്യമായ ഊര്‍ജം ഉല്പാദിപ്പിക്കാനാകും, അതുവഴി വൈദ്യുതിബില്ലില്‍ എന്തു ലാഭമുണ്ടാകും തുടങ്ങിയ കാര്യങ്ങളില്‍ സഹായിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.
ഇപ്പോഴും സോളര്‍ പാനല്‍ എങ്ങനെ സ്ഥാപിക്കുമെന്നോ എത്ര ചെലവ് വരുമെന്നോ എന്നൊന്നും പലര്‍ക്കും അറിയില്ല. അറിയാനാഗ്രഹിക്കുന്നവരോ, ഒട്ടേറെയുണ്ടുതാനും. കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇതുതന്നെയാണവസ്ഥ. ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ ആദ്യഘട്ടത്തില്‍ അമേരിക്കയിലെ ബോസ്റ്റണ്‍, സാന്‍ഫ്രാന്‍സിസ്കോ, ഫ്രെസ്നോ എന്നിവിടങ്ങളില്‍ പ്രോജക്ട് സണ്റൂഫുമായെത്തുന്നത്. വരുംകാലം ഇന്ത്യയുള്‍പ്പെടെ വിദേശരാജ്യങ്ങളിലും ഈ സംവിധാനമെത്തിക്കുമെന്നതിന്റെ സൂചനകളും ഗൂഗിള്‍ നല്‍കിക്കഴിഞ്ഞു.
ഗൂഗിള്‍ മാപ്സ് വഴിയുള്ള ഡേറ്റയും സാറ്റലൈറ്റ് ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചാണ് ഗൂഗിള്‍ പ്രോജക്ട് സണ്‍റൂഫിന്റെ പ്രവര്‍ത്തനം. www.google.com/get/sunroof എന്ന വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളുടെ വീട്ടുപരിസരത്തെ സകല സാഹചര്യങ്ങളും പഠിച്ച് മേല്‍ക്കൂരയില്‍ നിന്ന് എത്രമാത്രം സൗരോര്‍ജം ഉല്പാദിപ്പിക്കാമെന്ന് ഗൂഗിള്‍ കണക്കുകൂട്ടും. സമീപത്തെ കെട്ടിടങ്ങളും മരങ്ങളും പുകക്കുഴലുമെല്ലാം സൃഷ്ടിക്കുന്ന നിഴല്‍, സൂര്യന്റെ സ്ഥാനം, താപനില, മേഘങ്ങളുടെ വിന്യാസം എന്നിവയെല്ലാം പരിഗണിച്ചാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍. തുടര്‍ന്ന് എത്രമാത്രം വലിപ്പമുള്ള സോളര്‍ പാനലാണ് നിങ്ങളുടെ വീടിന് ആവശ്യമുള്ളതെന്നതിന്റെ 3ഡി മോഡല്‍ തയാറാക്കും, എത്ര സോളര്‍ പാനല്‍ ഘടിപ്പിക്കണമെന്നും തീരുമാനിക്കും. അതുവഴി എത്ര വൈദ്യുതി ലാഭിക്കാമെന്നതിന്റെ കണക്കും അറിയിക്കും.
അതുമാത്രമല്ല, സോളര്‍ പാനല്‍ ഘടിപ്പിച്ചു തരാന്‍ പാകത്തില്‍ നിങ്ങളുടെ വീടിനു സമീപത്തുള്ള കമ്പനിയുടെ വിവരങ്ങളും ഗൂഗിള്‍ കൈമാറും. ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ ഓഫറുകള്‍ നല്‍കുന്നവരുടെ വിവരങ്ങളായിരിക്കും അത്. നിങ്ങള്‍ക്കിഷ്ടമുള്ള കമ്പനിയെ തിരഞ്ഞെടുത്ത്, വിലയുറപ്പിച്ചു കഴിഞ്ഞാല്‍ അവര്‍ ഓരോ വീടിനും ആവശ്യമായ സോളര്‍ പാനലുമായി വരും, ഫിറ്റും ചെയ്തു തരും.
Discussion about this post