ലക്നൌ ഞങ്ങൾക്ക് നീതി ലഭിച്ചെന്ന് വികാസ് ദുബേ കൊലപ്പെടുത്തിയ പോലീസ് സേനാംഗങ്ങളുടെ ബന്ധുക്കൾ . ഏറ്റമുട്ടലിനിടെ രക്ഷപെടാൻ അനുവദിക്കാതെ വികാസ് ദുബേയെ വെടിവെച്ചുകൊന്ന സംഭവത്തിൽ പോലീസിനെ അവർ ന്യായീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ജൂലായ് മൂന്നിനാണ് വികാസ് ദുബേ എട്ടു പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത്.തങ്ങളുടെ പ്രിയപ്പെട്ടവർക്ക് താൽക്കാലിക നീതി ലഭിച്ചു, വികാസ് ദുബേയെ സഹായിച്ചവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അവർ അപേക്ഷിച്ചു.
“ഈ ദൗത്യം പൂർത്തിയായിട്ടില്ല. ഒരുത്തനെ ഇല്ലാതാക്കി.പക്ഷേ അവനു സഹായവും സുരക്ഷയും ഒരുക്കിയവരെല്ലാം പുറത്തു തന്നെയുണ്ട്.അവനെ സഹായിച്ചവരെയെല്ലാം നിയമത്തിനു മുന്നിലെത്തിക്കാൻ അഭ്യർത്ഥിക്കുകയാണ്.ഒപ്പം പോലീസിലുള്ള വികാസ് ദുബെയുടെ ചാരന്മാരേയും പിടിയ്ക്കണം” കൊല്ലപ്പെട്ട ഡെപ്യൂട്ടീ പോലീസ് സൂപ്രണ്ടിന്റെ ബന്ധുവായ കമലാകാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.തങ്ങൾക്ക് താൽക്കാലിക നീതി ലഭിച്ചെങ്കിലും എല്ലാവരെയും നിയമത്തിനു മുന്നിലെത്തിക്കാൻ ഗവണ്മെന്റും പോലീസും ശ്രമിക്കണം അദ്ദേഹം പറഞ്ഞു.
ചൗബയ്പൂരിലെ സ്റ്റേഷൻ ഓഫീസറായിരുന്ന വിനയ് തിവാരിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് കൊല്ലപ്പെട്ട കോൻസ്റ്റബിൾ ബബ്‌ലു കുമാറിന്റെ അച്ഛൻ ഛോട്ടേലാൽ പറഞ്ഞു.വിനയ് തിവാരി വികാസ് ദുബെയുടെ സഹായിയായിരുന്നു. പോലീസ് റെയ്ഡിനെപ്പറ്റി വികാസ് ദുബേയെ അറിയിച്ചത് വിനയ് തിവാരി ആണെന്നാണ് സംശയിക്കുന്നത്.ഇയാളെ യു.പി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
“ഞങ്ങൾക്ക് അവസാനം നീതി ലഭിച്ചു”. വികാസ് ദുബേ കൊലപ്പെടുത്തിയ ബിജെപി എം.എൽ.എ ആയിരുന്ന സന്തോഷ് ശുക്ളയുടെ സഹോദരൻ മനു ശുക്ള പറഞ്ഞു. 2001ലാണ് സന്തോഷ് ശുക്ള കൊല്ലപ്പെട്ടത്. മന്ത്രിയായിരുന്ന സന്തോഷ് ശുക്ളയെ പട്ടാപ്പകൽ ശിവ്‌ലി പോലീസ് സ്റ്റേഷനകത്തുവച്ചാണ് വെടിവച്ചുകൊന്നതെങ്കിലും തെളിവുകളില്ലാത്തതിനാൽ കേസ് കോടതി തള്ളി.വികാസ് ദുബേയ്ക്കെതിരേ ആരും സാക്ഷി പറയാൻ തയ്യാറായില്ല. “പത്തൊമ്പത് കൊല്ലമെടുത്തു തങ്ങൾക്ക് നീതിലഭിക്കാൻ.അവനെ അന്ന് ജയിലിലടച്ചിരുന്നെങ്കിൽ അതിനു ശേഷം അവൻ കൊലപ്പെടുത്തിയവരെ എങ്കിലും രക്ഷിക്കാമായിരുന്നു”.മനു ശുക്ള പറഞ്ഞു.
വികാസ് ദുബേയെ സഹായിച്ചു കൊണ്ടിരുന്നവർ ആരൊക്കെയാണെന്ന് പോലീസ് അന്വേഷിക്കുകയാണ്.പോലീസ് സേനയിലും രാഷ്ട്രീയ നേതൃത്വത്തിലുമുൾപ്പെടെ അനേകം ഉന്നതബന്ധങ്ങൾ ഈ കൊടും കുറ്റവാളിക്ക് ഉണ്ടായിരുന്നതായാണ് സൂചനകൾ.അഞ്ച് കൊലക്കേസുകൾ ഉൾപ്പെടെ അറുപത്തിരണ്ട് കേസുകൾ ഇയാൾക്കെതിരേ ചാർജ് ചെയ്യപ്പെട്ടിട്ടുണ്ട്.ചൗബയ്പൂരിലെ സ്റ്റേഷൻ ഓഫീസർ വിനയ് തിവാരിക്കൊപ്പം സബ് ഇൻസ്പെക്ടർ കൃഷ്ണകുമാർ ശർമ്മയേയും വികാസ് ദുബേയ്ക്ക് പോലീസ് റെയ്ഡിനെപ്പറ്റി അറിവു കൊടുത്തു എന്ന കാരണത്താൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇവരേക്കാൾ വലിയ മീനുകൾ ഇനിയും വലയിൽ കുടുങ്ങാനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈ കേസിലെ കുറ്റവാളികളേയെല്ലാം നിയമത്തിനു മുന്നിലെത്തിക്കണമെന്ന് യോഗി ആദിത്യനാഥിന്റെ കർശനമായ നിർദ്ദേശം പോലീസിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.













Discussion about this post