ഡൽഹി: പത്മനാഭ സ്വാമിക്ഷേത്രം സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി തിങ്കളാഴ്ച. ക്ഷേത്രം സർക്കാർ ഏറ്റെടുക്കുന്നതിനെതിരായ അപ്പീൽ ഹർജിയിലാണ് വിധി.
ക്ഷേത്രത്തിൽ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം സമർപ്പിച്ച അപ്പീൽ അടക്കമാണ് കോടതിയുടെ പരിഗണനക്ക് എത്തിയത്. രാജ്യാന്തര മ്യൂസിയം സ്ഥാപിക്കണം എന്നതടക്കം വിദഗ്ദ്ധ സമിതി മുന്നോട്ടു വെച്ച ശുപാർശകളും കോടതി വിലയിരുത്തിയിരുന്നു. ക്ഷേത്ര ഭരണത്തിൽ ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്നു കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ വിഷയങ്ങളെല്ലാം പരിഗണിച്ചാണ് കോടതി വിധി പറയുന്നത്.
ക്ഷേത്രത്തിന്റെ ഭരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ സുപ്രീം കോടതി നിലപാട് വ്യക്തമാക്കും. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മൽഹോത്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.
Discussion about this post