തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ (സിഇടി) ഓണാഘോഷത്തിനിടെ ജീപ്പിടിച്ചു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിലെ മുഖ്യപ്രതി ബൈജുവിനെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജൂഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.
അതിനിടെ ബൈജുവിനെ ഞായറാഴ്ച വൈകിട്ട് രഹസ്യമായി കോളജില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി. പ്രതിക്കെതിരേ ആക്രമണം ഉണ്ടാകുമെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രഹസ്യമായി തെളിവെടുപ്പു നടത്തിയത്. മെഡിക്കല്‍ കോളജ് സിഐയുടെയും ഡപ്യൂട്ടി കമ്മീഷണറുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നത്.
താന്‍ മനപൂര്‍വം ചെയ്തതല്ലെന്നും ജീപ്പിന്റെ ബോണറ്റിലും കുട്ടികള്‍ കയറിയിരുന്നതിനാല്‍ പെണ്‍കുട്ടി റോഡിലൂടെ നടന്നത് കാണാന്‍ കഴിഞ്ഞില്ലെന്നുമാണ് ബൈജു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കിയിരിക്കുന്ന മൊഴി. ജീപ്പില്‍ ബൈജുവിനൊപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ പേരും മേല്‍വിലാസവും പോലീസിനു ലഭിച്ചിട്ടുണ്ട്്. ഇവര്‍ എല്ലാം ഒളിവിലാണ്. മാതാപിതാക്കളുടെ സഹായത്തോടെ ഇവരില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയിട്ടുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു.
Discussion about this post