ഇടുക്കി: പരിശോധനയ്ക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യ ഭീഷണിയുമായി സിപിഐ നേതാവ്. ഇടുക്കി മാങ്കുളത്താണ് സംഭവം. മാങ്കുളം റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് സിപിഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസാണ്.
മാങ്കുളം അമ്പതാംമൈലിൽ വനംവകുപ്പ് നിർമിച്ച കിടങ്ങ് ഇടിച്ചു നിരത്തുന്നതുമായി ബന്ധപ്പെട്ട പരിശോധനക്ക് എത്തിയ റവന്യു- വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് നേതാവിന്റെ പരസ്യ ഭീഷണി. ‘മാങ്കുളം ടൌണില്‍ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും. സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാന്‍ വേണ്ടിയാണ്. തല്ലുമെന്നത് ഞങ്ങളുടെ തീരുമാനമാണ്.‘ ഇതായിരുന്നു സിപിഐ ലോക്കൽ സെക്രട്ടറിയുടെ ഭീഷണി.
തഹസീൽദാർ, ഡി എഫ് ഒ എന്നിവർ അടങ്ങുന്ന സംഘത്തിന് നേർക്കായിരുന്നു ഭീഷണി. കാട്ടാനകളെ തടയാൻ വനം വകുപ്പ് നിർമ്മിച്ച കിടങ്ങിനെ ചൊല്ലിയായിരുന്നു തർക്കം. കിടങ്ങ് ഇടിച്ചു നിരത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
ഭീഷണി സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മുമ്പ് ആനക്കുളം റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനും പ്രവീൺ ജോസിനെതിരെ കേസുണ്ട്. വനപാലകരുടെ പരാതിയിൽ അന്വേഷണം നടത്തി മേൽനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post