തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതൽ കനത്ത മഴ തുടരുന്നു. ഇന്നലെ വൈകിട്ട് മുതൽ സംസ്ഥാനത്ത് പൊതുവിലും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വ്യാപകമായും മഴ ലഭിച്ചു. കനത്ത മഴയിൽ പലയിടത്തും റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ മിക്കവയും വെള്ളത്തിനടിയിലായി. രാത്രി തുടങ്ങിയ മഴ തുടരുന്ന അവസ്ഥയാണ് ഉള്ളത്. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധവും തകരാറിലാണ്.
കേരളം, തമിനാട്, കർണാടക സംസ്ഥാനങ്ങളിൽ അടുത്ത 3-4 ദിവസങ്ങളിൽ വ്യാപകമായി മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാളെ മുതൽ വടക്കൻ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കോട്ടയം, എറണാകുളം ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ 20 സെന്‍റീമീറ്റര്‍ വരെ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ അമ്പത് കിലോമീറ്റര്‍ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്ത് വലിയതോതിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മുൻ വർഷങ്ങളിലേത് പോലെ പ്രളയ സാദ്ധ്യത മുന്നിൽക്കണ്ട് മുന്നൊരുക്കങ്ങൾ നടത്താനുള്ള ശ്രമത്തിലാണ് വിവിധ വകുപ്പുകൾ.
Discussion about this post