തിരുവനന്തപുരം: ഉരുൾ പൊട്ടലിൽ വൻ ദുരന്തമുണ്ടായ രാജമലയിൽ രക്ഷാപ്രവർത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്. ഇതു വരെ 20 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. സ്ഥലത്ത് കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അഗ്നിശമന സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അരക്കോണത് നിന്നുള്ള 58 അംഗ എൻഡിആർഎഫ് സംഘമാണ് തെരച്ചലിന് നേതൃത്വം കൊടുക്കുന്നത്.
രാജമലയിലെ ഉരുൾ പൊട്ടലിന്റെ ഞെട്ടലിനിടെയാണ് കവളപ്പാറ ദുരന്തത്തിന് ഒരു വയസ്സ് തികയുന്നത്. ദുരന്തത്തിൽ പ്രാണൻ നഷ്ടമായ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് കവളപ്പാറയിലെ നാട്ടുകാർ.
2019 ഓഗസ്റ്റ് എട്ടിനാണ് നിലമ്പൂര്‍ പോത്തുകല്ലിനടുത്ത് കവളപ്പാറയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. രാത്രി 8 മണിയോടെയായിരുന്നു അപകടം. അപകട വിവരം പക്ഷേ പുറം ലോകം അറിഞ്ഞപ്പോഴേക്കും 59 ആളുകളും 45 ഓളം വീടുകളും മണ്ണിനടിയിലായിരുന്നു. ചാലിയാർ കരകവിഞ്ഞൊഴുകിയത് രക്ഷാ പ്രവർത്തനത്തെ ആദ്യ ഘട്ടങ്ങളിൽ പ്രതികൂലമായി ബാധിച്ചിരുന്നു. തുടർന്ന് രക്ഷാ പ്രവർത്തനം ദേശീയ ദുരന്ത നിവാരണ സേന ഏറ്റെടുക്കുകയായിരുന്നു.
ഓഖിയും രണ്ട് പ്രളയങ്ങളും സമ്മാനിച്ച അനുഭവപാഠങ്ങൾ സർക്കാരും അധികൃതരും ഇനിയും ഉൾക്കൊണ്ടിട്ടില്ല എന്നതാണ് ആവർത്തിച്ച് വരുന്ന ഇത്തരം ദുരന്തങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇക്കുറിയും സംസ്ഥാനത്ത് പ്രളയ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാസങ്ങൾക്ക് മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നൊരുക്കങ്ങൾ എത്രമാത്രം പൂർത്തിയായിരുന്നു എന്നത് ചോദ്യ ചിഹ്നമാണ്.
കസ്തൂരി രംഗനും മാധവ് ഗാഡ്ഗിലും ദുരന്തനാളുകളിൽ മാത്രം ചർച്ച ചെയ്യപ്പെടുന്ന നാമധേയങ്ങൾ ആകുകയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്നിൽ പരിസ്ഥിതി സംരക്ഷണം പ്രഹസനമാകുകയും ചെയ്യുന്നിടത്തോളം ഇത്തരം ദുരന്തങ്ങൾ ഇനിയുമുണ്ടാകുമെന്നാണ് പ്രകൃതി നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പ്രകൃതി സ്നേഹികൾ അടിവരയിടുന്നു.













Discussion about this post