ഇടുക്കി: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടി സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി തോട്ടം തൊഴിലാളി സ്ത്രീകളുടെ സംഘടനയായ പൊമ്പിളൈ ഒരുമ. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമ നേതാവ് ഗോമതി മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടയാൻ ശ്രമിച്ചു. തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായതോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മൂന്നാർ ടൗണിൽ എത്തിയതോടെയാണ് റോഡില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്ന പൊമ്പിളൈ ഒരുമ നേതാവ് ഗോമതി വാഹനങ്ങളുടെ മുന്നിലേക്ക് എടുത്ത് ചാടിയത്. ഇത് സംഘർഷത്തിനിടയാക്കി. തുടർന്ന് വനിതാ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
പെട്ടിമുടി സന്ദർശിച്ച മുഖ്യമന്ത്രി ദുരന്തബാധിതർക്കായി ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ദുരന്തബാധിതര്‍ക്ക് വീടുവച്ച് നല്‍കുമെന്നും ദുരന്തത്തില്‍ പെട്ടവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ തോട്ടം തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണെന്നും വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ആരോപിച്ചായിരുന്നു പൊമ്പിളൈ ഒരുമയുടെ പ്രതിഷേധം.
Discussion about this post