തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നു. ഇന്ന് നാല് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാസർകോഡ് മീഞ്ച സ്വദേശി മറിയുമ്മ (75), ഉദുമ സ്വദേശി ബി രമേശൻ എന്നിവരുടെ മരണകാരണം കൊവിഡ് ബാധയാണെന്ന് സ്ഥിരീകരിച്ചു.
മറിയുമ്മ ഇന്ന് രാവിലെയാണ് മരിച്ചത്. രമേശൻ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. രമേശൻ്റെ അടുത്ത ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം പതിനൊന്നാം തീയതി മരിച്ച കാസർകോട് വെർക്കൊടി സ്വദേശി അസ്മക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. 38 വയസുകാരി അസ്മ അർബുദ ബാധിതയായിരുന്നു. അസ്മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ പായം പഞ്ചായത്തിലെ ഉദയഗിരിയിലെ ഇലഞ്ഞിക്കൽ ഗോപിയും (64) കൊവിഡ് ബാധിച്ച് മരിച്ചതായി ഇന്ന് സ്ഥിരീകരിച്ചു. കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഗോപിയുടെ ഭാര്യക്കും മകനും മരുമകൾക്കും ചെറുമകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിലും വർദ്ധനവ് തുടരുകയാണ്. കുറച്ച് നാളുകൾ കൂടി ഈ അവസ്ഥാവിശേഷം നിലനിൽക്കുമെന്നാണ് വിദഗ്ധർ വിശദീകരിക്കുന്നത്.












