ബാഹുബലി സീരീസിലൂടെ ഇന്ത്യൻ സിനിമയുടെ കരുത്തനായ നായകനായി മാറിയ പ്രഭാസ് നായകനാകുന്ന ത്രീ ഡി ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. ‘ആദിപുരുഷ്‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ‘താനാജി‘ ഒരുക്കിയ ഓം റാവത്താണ്.
പ്രഭാസ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയിരിക്കുന്ന പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 24 മണിക്കൂറിനകം പോസ്റ്റർ കണ്ടത് 13 ലക്ഷത്തോളം പേരാണ്. ഭാരത ഇതിഹാസം പ്രമേയമാക്കിയ ചിത്രമാണിതെന്ന് നേരത്തേ സൂചനകൾ ഉണ്ടായിരുന്നെങ്കിലും ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നില്ല. എന്നാൽ ‘ആദിപുരുഷ്‘ പറയുന്നത് രാമായണ കഥയാണ് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
Very excited to see prabhas garu as Lord Rama…only very few actors have played him on the big screen before…good luck to the whole team! #Adipurush https://t.co/evGHogaIHC
— Nag Ashwin (@nagashwin7) August 18, 2020
പ്രഭാസിന് ആശംസകൾ നേർന്നു കൊണ്ട് ‘മഹാനടി‘യുടെ സംവിധായകൻ നാഗ് അശ്വിൻ പങ്കു വെച്ച ട്വീറ്റും ചിത്രത്തിന്റെ പ്രമേയത്തെ പറ്റി വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. ‘പ്രഭാസിനെ ശ്രീരാമനായി കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നു. വളരെ കുറച്ച് നടന്മാർ മാത്രമേ രാമദേവനെ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചുട്ടുള്ളൂ. മുഴുവൻ ടീമിനും ആശംസകൾ.‘ ഇതാണ് നാഗ് അശ്വിന്റെ ട്വീറ്റ്.
‘തിന്മയ്ക്ക് മേൽ നന്മയുടെ വിജയം ആഘോഷിക്കുന്നു, ‘ആദിപുരുഷ്‘- ഇതാണ് ഓം റാവത്തിന്റെ ട്വീറ്റ്.
‘ഓരോ റോളുകളും ഓരോ കഥാപാത്രങ്ങളും തനത് വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ ഇത്തരമൊരു കഥാപാത്രം അവതരിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞതും അഭിമാനകരവുമാണ്. ഇതിഹാസ കഥാപാത്രമാകാൻ ആവേശത്തോടെ കാത്തിരിക്കുന്നു.‘ ഇതായിരുന്നു കഥാപാത്രത്തെക്കുറിച്ചുള്ള പ്രഭാസിന്റെ പ്രതികരണം.
ടി- സീരീസിന്റെ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണ കുമാറും ഓം റാവത്തും ചേർന്നാണ് ആദിപുരുഷ് നിർമ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം പ്രഭാസും നിർമ്മാതാവ് ഭൂഷൺ കുമാറും ഒരുമിക്കുന്ന ചിത്രമാണ് ആദിപുരുഷ്.
ഭാരതീയ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന ‘താനാജി‘ എന്ന ത്രീഡി ചിത്രം ഓം റാവത്തിന്റെ സംവിധാന മികവിന്റെ മികച്ച പ്രകടമായിരുന്നു. രാജമൗലി- പ്രഭാസ് ടീമിന്റെ ബാഹുബലി പരമ്പര ഇന്ത്യൻ സിനിമയിൽ വിപ്ലവം സൃഷ്ടിച്ചിരുന്നു. ഹിന്ദിയിലും തെലുങ്കിലും ഒരുക്കുന്ന ആദിപുരുഷ് തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ഡബ് ചെയ്ത് പുറത്തിറക്കുന്നുണ്ട്. വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്ന ചിത്രം 2022ൽ ആയിരിക്കും തിയേറ്ററുകളിൽ എത്തുക.
Discussion about this post