തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓണാഘോഷം ഓണ്‍ലൈനായി മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാഘോഷവുമായി ബന്ധപ്പെട്ട ഒത്തു ചേരലുകള്‍ ഓണ്‍ലൈനായി മതിയെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.
കൊറോണ വ്യാപനം ഉണ്ടാകാനിടയുള്ള ഏതൊരു കാര്യവും സംഭവിക്കാതെ നോക്കണം. പൊതുസദ്യയും ആളുകള്‍ കൂട്ടംകൂടുന്ന ആഘോഷ പരിപാടികളും പൂര്‍ണമായും ഒഴിവാക്കണം. ഓണത്തിന് ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വീടുകൾ സന്ദര്‍ശിക്കുന്ന പതിവുണ്ട്. ഇത്തവണ പതിവുകളില്‍ നിന്നു വ്യത്യസ്തമായി എല്ലാവരും വീടുകളില്‍ തന്നെ കഴിയണം. ഇത്തരം സാഹചര്യത്തില്‍ പരിമിതികള്‍ ഉണ്ട് എങ്കിലും ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് പരസ്പരം കാണാനും സംസാരിക്കാനും സന്തോഷം പങ്കുവെയ്ക്കാനും ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രോഗകാലത്തെ മുറിച്ചുകടക്കാന്‍ നമുക്ക് കഴിയുമെന്ന പ്രത്യാശ പകര്‍ന്നാകണം ഇത്തവണത്തെ ഓണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ കരുതലോടെ വേണം ഇത്തവണ ഓണത്തെ വരവേല്‍ക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതികൂല സാഹചര്യത്തിനപ്പുറത്ത് അനുകൂലമായ പ്രകാശപൂര്‍ണമായ കാലമുണ്ടെന്ന പ്രതീക്ഷ നല്‍കുന്നതാണ് ഓണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post