കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ഇന്ന് മലയാളിയുടെ ഉത്രാടപ്പാച്ചിൽ. പ്രളയങ്ങൾ കൊണ്ടു പോയ രണ്ട് ഓണങ്ങൾക്ക് ശേഷം ആഘോഷിക്കാൻ കാത്തിരുന്ന മലയാളികൾക്ക് മേൽ ഇരുട്ടടിയായി മൂന്നാം കൊല്ലമെത്തിയത് മഹാമാരി. എന്നാൽ ആശങ്കകൾക്കിടയിലും ഓണം കൊണ്ടാടാൻ ഇന്ന് ലക്ഷങ്ങൾ നിരത്തുകളിൽ ഇറങ്ങിയേക്കും.
ജനത്തിരക്ക് നിയന്ത്രിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഇക്കുറി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചാവണം കച്ചവടമെന്ന് വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ ഏഴു മണി മുതൽ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കാൻ വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്.
നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പ് വരുത്താൻ എല്ലായിടത്തും പൊലീസിന്റെ സാന്നിദ്ധ്യമുണ്ട്. ആളുകൾ കൂട്ടത്തോടെ റോഡുകളിലേക്ക് ഇറങ്ങുന്നത് കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പ് വരുത്താൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓണാഘോഷം ഓണ്‍ലൈനായി മതിയെന്നും പൊതുസദ്യയും ആളുകള്‍ കൂട്ടംകൂടുന്ന ആഘോഷ പരിപാടികളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post