ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പൂർവ്വകാല നന്മകളിലേക്കുള്ള തിരിച്ചു പോക്കായി മലയാളി ഇന്ന് ഓണം ആഘോഷിക്കുന്നു.
കള്ളവും ചതിയുമില്ലത്ത, ഏതോ യുഗങ്ങളിൽ പോയ് മറഞ്ഞ സ്വർഗ്ഗതുല്യമായ സാമൂഹ്യ സമഭാവനയുടെ വീണ്ടെടുപ്പായ ഓണം ഐതീഹ്യങ്ങളുടെ ഉത്സവം കൂടിയാണ്. മലയാളികളുടെ ദേശീയോത്സവമായി കൊണ്ടാടുന്ന ഓണം ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ഒന്നായി ആഘോഷിക്കുന്നു. പണ്ഡിതനും പാമരനും കുബേരനും കുചേലനും ഒരേ പോലെ ഓണം ആഘോഷിക്കുന്നു.
ചിങ്ങമാസത്തിലെ അത്തം മുതൽ പത്ത് ദിവസമാണ് ഓണാഘോഷം. അവിട്ടവും ചതയവും തിരുവോണത്തിന് അനുബന്ധമായി പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. മഹാബലിയുടെ ആസ്ഥാനമായി കരുതപ്പെടുന്ന തൃക്കാക്കരയിലാണ് ആദ്യമായി ഓണമാഘോഷിച്ചത് എന്നാണ് ഐതിഹ്യം.
കാലവർഷത്തിന്റെ ഒന്നാം പാദത്തിന് അറുതി വരുന്ന ചിങ്ങമാസത്തിലായിരുന്നു പണ്ട് കാലത്ത് സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശങ്ങളിൽ നിന്നുള്ള വ്യാപാരികൾ കപ്പലുകളിൽ കേരളത്തിൽ എത്തിയിരുന്നത്. വ്യാപാരം മികച്ച രീതിയിൽ നടന്നിരുന്ന ഇക്കാലങ്ങളിൽ സമൃദ്ധിയുടെ പ്രതീകമായി സ്വർണ്ണ വ്യാപാരം സജീവമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാവാം പൊന്നിൻ ചിങ്ങമെന്നും പൊന്നോണമെന്നുമുള്ള പ്രയോഗങ്ങൾ ഉടലെടുത്തത്.
മഹാബലിയുടെ കഥയുടെ പല വകഭേദങ്ങളും ഓണവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. മഹാവിഷ്ണു വാമനനായി അവതരിച്ച് പാതാളത്തിലേക്ക് യാത്രയാക്കുകയും എന്നാൽ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ പ്രജാസന്ദർശനത്തിന് അനുമതി നൽകുകയും ചെയ്തുവെന്നതാണ് ഇക്കൂട്ടത്തിൽ ഏറ്റവും ആധികാരികമായി പ്രചാരത്തിലുള്ള കഥ.
എന്നാൽ മഹാബലിയുടെ ദുരഭിമാനം അവസാനിപ്പിച്ച് അദ്ദേഹത്തെ പ്രഹ്ലാദന് തുല്യമായ പുണ്യങ്ങളുടെ തലത്തിലേക്ക് ഉയർത്താനായിരുന്നു മഹാവിഷ്ണുവിന്റെ വാമനാവതാരമെന്നും ഒരു കഥ പ്രചാരത്തിലുണ്ട്. പരശുരാമൻ കേരളം സന്ദർശിച്ചതിന്റെ വാർഷികമാണ് ഒണാഘോഷമെന്ന ഒരു വിശ്വാസവും നിലനിൽക്കുന്നുണ്ട്.
മലബാറിലെ ആണ്ടുപിറപ്പിന്റെ ആഘോഷമാണ് തിരുവോണം. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ബുദ്ധനായത് ശ്രാവണ മാസത്തിലെ തിരുവോണം നാളിലായിരുന്നു. ബുദ്ധമതാനുയായികളുടെ വിശ്വാസ പ്രകാരം ഈ ദിവസമാണ് തിരുവോണമെന്നും വിശ്വസിക്കപ്പെടുന്നു.
എന്നാൽ തിരുവോണദിവസം വിരുന്നെത്തുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനായാണ് അത്തം മുതൽ ഓണമാഘോഷിക്കുന്നതെന്ന ഐതിഹ്യത്തിന് തന്നെയാണ് കേരളത്തിൽ പ്രാധാന്യം. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകിയാണ് പൂക്കളമിടുന്നത്. അത്തം നാളിൽ ആരംഭിക്കുന്ന പൂക്കളമിടൽ ഓണം വരെ നീണ്ടു നിൽക്കുന്നു.
അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂയെന്നാണ് പറയുന്നത്. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുകയാണ് ചെയ്യുക. ഉത്രാടനാളിലായിരിക്കും പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുക.
ഓണസദ്യയാണ് ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം. വിഭവസമൃദ്ധമായ സദ്യക്ക് പാലടയും പ്രഥമനുമടക്കമുള്ള വിഭവങ്ങൾ രുചി വർദ്ധിപ്പിക്കും. സദ്യക്ക് ശേഷം കുടുംബാംഗങ്ങൾ പരസ്പരം വിനോദങ്ങളിലും കളികളിലും ഏർപ്പെടുന്നു.
കൊവിഡ് ബാധ ഭീകരമായി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കുറി കേരളത്തിൽ ഓണമെത്തുന്നത്. അത് കൊണ്ടു തന്നെ മുൻകരുതലുകൾ ശക്തമാണ്. സാമൂഹിക അകലം പാലിച്ച് കൂടിച്ചേരലുകളും യാത്രകളും പരമാവധി ഒഴിവാക്കി ഓണമാഘോഷിക്കാനാണ് മുഖ്യമന്ത്രി അടക്കമുള്ളവർ നിർദ്ദേശിക്കുന്നത്.
ഏത് പ്രതികൂല സാഹചര്യത്തിലും ഓണമാഘോഷിക്കുക എന്നത് മലയാളിയുടെ ഒഴിവാക്കാൻ സാധിക്കാത്ത പതിവുകളിൽ പ്രധാനമാണ്. എന്നാൽ ഇക്കുറി നിയന്ത്രണങ്ങൾ അനുസരിച്ച് സാമൂഹ്യ ബോദ്ധ്യത്തോടെ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നല്ല നാളുകളുടെ ഓർമ്മകളും നന്മയിലേക്കുള്ള മടക്കയാത്രകളുമാണ് ഓണം. ഇന്നത്തെ ദുരിതങ്ങൾക്ക് അറുതി വരികയും നഷ്ടമായ നന്മയുടെ ആഘോഷനാളുകളിലേക്ക് മടങ്ങിപ്പോകാൻ ഏവർക്കും സാധിക്കുകയും ചെയ്യും എന്ന പ്രതീക്ഷ പകരുന്നതണ് കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലെ ഇത്തവണത്തെ ഓണം.
Discussion about this post