കൊച്ചി : പാലാരിവട്ടം പാലം അടിയന്തിരമായി പുതുക്കി പണിയാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേരള സർക്കാർ.ഇതുമായി ബന്ധപ്പെട്ട പുതിയ അപേക്ഷ സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അറ്റകുറ്റപ്പണികൾ നടത്തി പാലം തുറന്നാൽ പരമാവധി 20 വർഷമേ പാലത്തിന് ആയുസ്സ് ഉണ്ടാകുകയുള്ളുവെന്നും പുതിയ പാലം പണിതാൽ നൂറു വർഷം വരെ പാലം നിലനിൽക്കുമെന്നും സംസ്‌ഥാന സർക്കാർ അപേക്ഷയിൽ വ്യക്തമാക്കി. അപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കും.
നിലവിലുള്ള ഉത്തരവിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവിറക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അടിയന്തരമായി പാലാരിവട്ടത്തെ മേൽപ്പാലം ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ കൊച്ചിയിൽ ഗതാഗതം സ്തംഭിക്കുമെന്ന് അപേക്ഷയിൽ സംസ്ഥാനം സൂചിപ്പിക്കുന്നു. അനുദിനം ഗതാഗതക്കുരുക്ക് കൂടിവരുന്ന നഗരമാണ് കൊച്ചിയെന്ന് ചൂണ്ടിക്കാട്ടി വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം സെപ്റ്റംബറിൽ തുറക്കുന്നത് പാലാരിവട്ടത്തെ സ്ഥിതി രൂക്ഷമാക്കുമെന്ന് സർക്കാർ അപേക്ഷയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
Discussion about this post