മന്ത്രി കെ ടി ജലീലിനും ആരിഫ് എം പിക്കും അനസുമാരുമായുള്ള ബന്ധം തുറന്നു കാട്ടി ഡോക്ടർ കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിക്കും എം പിക്കും അനസുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണമെന്നും കുറിപ്പിൽ പറയുന്നു.
മന്ത്രി ജലീലിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസ് തന്നെ രംഗത്തിറങ്ങിയിരിക്കുന്നത് സംശയകരമാണെന്നും സ്വർണ്ണകള്ളക്കടത്തിന് ചോദ്യം ചെയ്യപ്പെടുന്ന മന്ത്രി ജലീലിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി എടുക്കുന്ന അത്യുത്സാഹം മൊത്തം കാര്യങ്ങളിൽ മുഖ്യമന്ത്രിക്ക് കൂടി പങ്കുണ്ട് എന്ന സംശയമാണ് ജനിപ്പിക്കുന്നതെന്നും ഡോക്ടർ രാധാകൃഷ്ണൻ വ്യക്തമാക്കുന്നു.
‘മുഖ്യമന്ത്രിയുടെ പ്രിയങ്കരനായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മാത്രമല്ല മന്ത്രിസഭയിലെ ഒരു അംഗത്തിനും സ്വർണ്ണകള്ളക്കടത്തിലും രാജ്യദ്രോഹത്തിലും പങ്കുണ്ട് എന്ന ആരോപണം അറിഞ്ഞിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രീ, അങ്ങ് മഹാൻ തന്നെ. സംശയമില്ല.‘ എന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
അരൂരിൽ മന്ത്രി ജലീൽ ചോദ്യം ചെയ്യപ്പെടാനായി എത്തി ഒളിച്ചു താമസിച്ചത് അനസ് നബീൽ എന്ന ആളുടെ വീട്ടിലാണ്. ജി. കെ. എസ്. എന്ന ബിസിനസ്സ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് അനസ്. ഒരു ടി. കെ. ഗോവിന്ദൻ കുട്ടിയും, ഗിരി ശങ്കറും ചേർന്ന് 1987ൽ തുടങ്ങിയ സീഫുഡ് എക്‌സ്‌പോർടിംഗ് കമ്പനിയാണ് ജി. കെ. എസ്. 2019 ഡിസംബറിൽ അവർ സ്ഥാപനം വിറ്റു. പതിനാറ് കോടി രൂപയ്ക്ക് കമ്പനി അനസ് നബീലും, അനസ് മണലംമ്പാറ സെയ്തു മുഹമ്മദും കൂടി വാങ്ങിച്ചു. അന്ന് തുടങ്ങി അവരാണ് ഉടമകൾ.
പെരുമ്പാവൂർ സ്വദേശിയായ അനസ് നബീൽ ഇപ്പോൾ അരൂർ അരൂക്കുറ്റി റോഡിൽ ഗസൽ എന്ന വീട്ടിലാണ് താമസം. അനസ്സുമാരുടെ ആത്മമിത്രമാണ് ആരിഫ് എം പി. അനസ്സുമാർ ചെറിയതോതിൽ തദ്ദേശീയരുമായി ചില പ്രശ്‌നങ്ങൾ ഉണ്ടാക്കും . ആരിഫ് എം പി അത് പരിഹരിക്കുകയും ചെയ്യും. ആരിഫും, അനസും, ജലീലുമായുള്ള ബന്ധം സംശയം ജനിപ്പിക്കുന്ന ഒന്നാണ്.
മന്ത്രി ജലീലിന്റെ മലപ്പുറം യാത്രകളിൽ മന്ത്രിയുടെ ഇടത്താവളമാണ് അനസിന്റെ മാളിക. 16 കോടി രൂപ മുടക്കി ഒരു സ്ഥാപനം വിലയ്ക്ക് വാങ്ങാനുള്ള സാമ്പത്തികശേഷിയുള്ള ആളാണ് അനസ് എന്ന് അദ്ദേഹത്തെ അറിയുന്നവർ പറയുന്നില്ല. അനസ്സാകട്ടെ മാർക്‌സിസ്റ്റ് പാർട്ടി അംഗവും അല്ല. ആരിഫ് എം പിയുമായി വ്യക്തി ബന്ധമുണ്ട് എന്നത് മാത്രമാണ് അനസ്സിന്റെ പാർട്ടി ബന്ധം.
മന്ത്രി ജലീലിന് ഒളിച്ചുതാമസിക്കത്തക്ക വിധം എന്ത് ബന്ധമാണ് അനസ്സുമായിട്ടുള്ളത് എന്ന് മന്ത്രി തന്നെ വെളിവാക്കണം. ഖുർ-ആൻ കടത്തിലൂടെ സ്വർണ്ണ / പണം കള്ളക്കടത്ത് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്ന മന്ത്രി, താൻ സത്യവാനാണെന്നാണ് ഇപ്പോഴും അവകാശപ്പെടുന്നത്.
ജലീൽ, അനസ്സ്, ആരിഫ്, ഇവർക്ക് തമ്മിലുള്ള ഇടപാടുകളും വിശദമായ അന്വേഷണം നടത്തണം. ഓണത്തിന് ജലീലിന് പായസം നൽകി സൽക്കരിക്കുന്ന മുഖ്യമന്ത്രി, ജലീലിന്റെ വഴിവിട്ട ബന്ധങ്ങളെ കുറിച്ച് കൂടി അറിവുള്ള ആളായിരിക്കണം. മന്ത്രി ജലീലിന് കവചം തീർക്കാൻ മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസ് തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്, സംശയം കൂടുതൽ ശക്തമാകുന്നു.
സ്വർണ്ണകള്ളക്കടത്തിന് ചോദ്യം ചെയ്യപ്പെടുന്ന മന്ത്രി ജലീലിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി എടുക്കുന്ന അത്യുത്സാഹം മൊത്തം കാര്യങ്ങളിൽ മുഖ്യമന്ത്രിക്ക് കൂടി പങ്കുണ്ട് എന്ന സംശയം ജനിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിയങ്കരനായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മാത്രമല്ല മന്ത്രിസഭയിലെ ഒരു അംഗത്തിനും സ്വർണ്ണകള്ളക്കടത്തിലും രാജ്യദ്രോഹത്തിലും പങ്കുണ്ട് എന്ന ആരോപണം അറിഞ്ഞിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രീ, അങ്ങ് മഹാൻ തന്നെ. സംശയമില്ല.
ഡോ. കെ. എസ്. രാധാകൃഷ്ണൻ
https://www.facebook.com/drksradhakrishnan/posts/3417138861709034
Discussion about this post