ജെറുസലേം : ഇസ്രായേലും രണ്ട് അറബ് രാഷ്ട്രങ്ങളും സമാധാനകരാറിൽ ഒപ്പു വെയ്ക്കുന്നതിനിടെ പാലസ്തീൻ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തി. ആക്രമണത്തിൽ, ഇസ്രായേലിലെ അഷ്‌ദോഡിൽ പാലസ്തീന്റെ റോക്കറ്റ് പതിച്ച് രണ്ടു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഗാസയിൽ നിന്നും തൊടുത്ത രണ്ട് മിസൈലുകളിലൊന്ന് അയൺ ഡോം ആന്റി-മിസൈൽ സിസ്റ്റമുപയോഗിച്ച് തടഞ്ഞതായി ഇസ്രായേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇസ്രായേലും അറബ് രാഷ്ട്രങ്ങളും സമാധാന കരാറിലേർപ്പെടുന്നുവെന്ന വിവരങ്ങൾ പുറത്തു വന്നത് മുതൽ പാലസ്തീനിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.വാഷിംഗ്‌ടണിലെ വൈറ്റ് ഹൗസിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ യു.എ.ഇയും ബഹറിനും ഇസ്രായേലുമായി സമാധാന കരാറിലൊപ്പ് വെയ്ക്കുകയായിരുന്നു. കരാറിലൊപ്പിടുന്നതിനു മുമ്പ് ഗാസയിലെ യു.എൻ ഓഫീസിന് പുറത്ത് പ്രതിഷേധമറിയിച്ചു കൊണ്ട് ഡസൻ കണക്കിന് പാലസ്തീനികൾ അണി നിരന്നിരുന്നു.“പാലസ്തീൻ വിൽപ്പനയ്‌ക്കില്ല,” എന്ന മുദ്രാവാക്യമാണ് പ്രതിഷേധകർ ഉയർത്തിയിരുന്നത്.
Discussion about this post