സാലറി ചലഞ്ചിന്റെ പേരിൽ ശമ്പളം തടഞ്ഞു വയ്ക്കുന്നതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാർ രംഗത്ത്. അവധി ലഭിക്കാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ലീവ് സറണ്ടർ ആനുകൂല്യം നിർത്തലാക്കിയതിനെതിരെയും ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ ഭാഗത്ത് നിന്നും വൻ പ്രതിഷേധമാണ് ഉയരുന്നത്. ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും ശമ്പളം തടഞ്ഞു വെക്കുന്നത് നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കെജിഎംഒഎ കത്തുനൽകിയിട്ടുണ്ട്.
അതേസമയം, ആറുമാസം കൂടി ജീവനക്കാരുടെ ശമ്പളം നീക്കിവെക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. നിലവിലെ ശമ്പളം മാറ്റിവയ്ക്കൽ ഭവന വായ്പയടക്കമുള്ള തിരിച്ചടവിനെ ബാധിച്ചിട്ടുണ്ടെന്നും ഇനിയും ശമ്പളം തടഞ്ഞു വയ്ക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത് ജീവനക്കാരെ ദ്രോഹിക്കുകായെന്നത് മാത്രമാണെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ വിശദമാക്കി.
Discussion about this post