കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ ആക്രമിച്ച സംഭവത്തിൽ സി.പി.എം നേതാക്കൾ പ്രതികളായ കേസ് എഴുതിതള്ളാനുള്ള ഹർജി കോടതി തള്ളി. കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഗവ അഡീ. പ്ലീനർ പി.വി.അൻവർ നൽകിയ ഹർജിയാണ് കണ്ണൂർ സബ് കോടതി തള്ളിയത്.
കണ്ണൂരിൽ പൊതുപരിപാടിക്കെത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടിക്കു നേരെ ആക്രമണമുണ്ടായത്. കലക്ട്രേറ്റിലെ പരിപാടിക്ക് വരുന്നതിനിടെ സംഘടിതരായി ആക്രമിക്കുകയായിരുന്നു. കല്ലേറിൽ ഉമ്മൻ ചാണ്ടിയുടെ തലക്ക് പരിക്കേറ്റിരുന്നു.
എം.എൽ.എമാരായ ടി.വി.രാജേഷ്, സി. കൃഷ്ണൻ, ഡി.വൈ.എഫ്.ഐ നേതാക്കളായ ബിനോയ് കുര്യൻ, ബിജു കണ്ടക്കൈ തുടങ്ങിയവരടക്കം 113 പേരാണ് കേസിലെ പ്രതികൾ. സി.പി.എമ്മിൽ നിന്നും വിട്ടു പോയ തലശ്ശേരിയിലെ സി.ഒ.ടി നസീറും കേസിലെ പ്രതിയായിരുന്നു.
ഈ കേസ് എഴുതിതള്ളാൻ നേരത്തെയും സർക്കാർ നീക്കം നടത്തിയിരുന്നു. സംഭവത്തിൽ പരാതിക്കാരായ പോലീസുകാർ കൂറുമാറിയതോടെയാണ് ഇതിനുള്ള നീക്കം നടന്നത്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പോലീസുകാരുടെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തിരുന്നത്.ഇവരെ ഭരണ സമ്മർദ്ദമുയർത്തി കൂറുമാറ്റി കേസ് പിൻവലിപ്പിക്കാൻ ശ്രമം നടത്തിയെന്നാണ് ആരോപണം.
ഈ കേസിൽ കുറ്റപത്രം വായിച്ചു കേൾക്കുന്നതിനായി പ്രതികൾക്ക് സമൻസ് അയച്ചിരുന്നുവെങ്കിലും പ്രതികൾ കോടതിയിൽ ഹാജരായിരുന്നില്ല. കേസ് നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും.
Discussion about this post