കൊച്ചി: ഖുറാന്റെ മറവിൽ സ്വർണ്ണക്കടത്ത് നടന്നിട്ടുണ്ടാകാമെന്ന് മന്ത്രി കെ ടി ജലീൽ. സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വിഷയത്തിൽ ചോദ്യം ചെയ്യലിനായി ആറുമണിയോടെ എന്‍ഐഎ ഓഫീസിലെത്തിയെന്നും ആറേകാലോടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചുവെന്നും ജലീല്‍ സമ്മതിച്ചു. സ്വർണ്ണം വന്നത് നയതന്ത്ര ബാഗേജിലാണെന്നും എന്നാൽ ഖുറാൻ വന്നത് നയതന്ത്ര കാർഗോയിലാണെന്നും ജലീൽ കൂട്ടിച്ചേർത്തു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് അറിവോ പങ്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഞാന്‍ വ്യക്തിപരമായി ആ ഖുറാന്‍ സ്വീകരിച്ചിട്ടില്ലെന്നും തനിക്ക് തന്ന പാക്കറ്റുകള്‍ സുരക്ഷിതമാണെന്നും 31 പാക്കറ്റുകള്‍ പൊട്ടിച്ചിട്ടില്ലെന്നും ഒരു പാക്കറ്റ് മാത്രമാണ് പൊട്ടിച്ചതെന്നും ജലീല്‍ കൂട്ടിച്ചേർത്തു.
അതേസമയം സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായാണ് സൂചന. വിഷയത്തില്‍ സമൂഹിക നീതി വകുപ്പില്‍നിന്ന് കസ്റ്റംസ് വിവരങ്ങള്‍ തേടി. സിആപ്റ്റിലേക്ക് പാഴ്‌സല്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി കസ്റ്റംസ് എടുത്തു. ഇതിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
സ്വർണ്ണക്കടത്ത് വിഷയത്തിൽ ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ഉൾപ്പെടെയുള്ള യുവജന സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. എന്നാൽ ജലീലിനെ സംരക്ഷിക്കുന്ന നയമാണ് മന്ത്രിസഭയും ഇടത് പക്ഷവും സ്വീകരിച്ചിരിക്കുന്നത്.
Discussion about this post