ഇന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നിർവഹിക്കാനിരുന്ന അതിർത്തി പ്രദേശങ്ങളിലെ 43 പാലങ്ങളുടെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചു. ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) പണികഴിപ്പിച്ച ലഡാക്കിലെ ഏഴ് പാലങ്ങളുടെയുൾപ്പെടെ ഉദ്ഘാടനമാണ് കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തെ തുടർന്ന് മാറ്റി വെച്ചത്. 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ് 43 പാലങ്ങൾ ബിആർഒ പണികഴിപ്പിച്ചിട്ടുള്ളത്.
ഉത്തരാഖണ്ഡിലും അരുണാചൽ പ്രദേശിലുമായി 8 വീതം പാലങ്ങളും പഞ്ചാബിലും സിക്കിമിലുമായി 4 വീതം പാലങ്ങളും കൂടാതെ, ജമ്മുകശ്മീർ,ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ യഥാക്രമം 10 ഉം, 7 ഉം, 2 ഉം പാലങ്ങളാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ നിർമിച്ചിട്ടുള്ളതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ലഫ്റ്റനന്റ് കേണൽ ഹർഷവർധൻ പാണ്ഡെ മുമ്പ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടർന്നാണ് ഈ പാലങ്ങളുടെ ഉദ്ഘാടനം മാറ്റിവെച്ചത്.
മാത്രമല്ല, അരുണാചൽപ്രദേശിലെ തവാങിൽ നിർമിക്കാനൊരുങ്ങുന്ന നെച്ചിഫു ടണലിനു പ്രതിരോധമന്ത്രി ഇന്ന് തറക്കല്ലിടാൻ തീരുമാനിച്ചിരുന്നതാണ്. ആ ചടങ്ങും കേന്ദ്രമന്ത്രിയുടെ മരണത്തെ തുടർന്ന് മാറ്റി വെച്ചിട്ടുണ്ട്.
Discussion about this post