തിരുവനന്തപുരം: കാസർകോട് നിലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ് ഉൾപ്പെടെ നാല് യുവതികളുടെ അസ്വാഭാവിക മരണം തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നു. കഴിഞ്ഞ മെയ് 12നാണ് ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയായിരുന്ന അഞ്ജന ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഈ മരണത്തിന് പിന്നിൽ ചില ഭീകര സംഘടനകളുടെ സാന്നിദ്ധ്യമുള്ളതായി വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ ആരോപിച്ചിരുന്നു. അഞ്ജനയുടെ ബന്ധുക്കളും ആരോപണം ശരി വെച്ചിരുന്നു.
കാസര്‍കോട് നീലേശ്വരത്തെ വീട്ടില്‍ നിന്നും കോഴിക്കോട്ടെ ചില അർബൻ നക്സലുകൾക്കൊപ്പം വന്ന അഞ്ജന ഹരീഷ് ചിന്നു സുല്‍ഫിക്കര്‍ ആയതു വരെയുള്ള സംഭവങ്ങള്‍ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി സംശയിക്കുന്നുവെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചിരുന്നു. മതതീവ്രവാദ സംഘടനകളുമായും അര്‍ബന്‍ നക്സലുകളുമായും പെൺകുട്ടി ബന്ധപ്പെട്ടിരുന്നോ എന്നതും അന്വേഷണ വിധേയമാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. ചിന്നു സുല്‍ഫിക്കറിന്റെ യാത്രാരേഖകളും പണമിടപാടുകളും പരിശോധിച്ചാല്‍ മരണത്തിനു ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയുമെന്നും വിശദമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ഹിന്ദി ഐക്യവേദി ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പമാണ് അഞ്ജന പോയത് എന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. നക്സല്‍ നേതാവ് അജിതയുടെ മകളാണ് ഗാര്‍ഗി. എന്നാൽ അഞ്ജന ആത്മഹത്യ ചെയ്തതാണെന്നും ഇതിന് വീട്ടുകാരാണ് ഉത്തരവാദികളെന്നും അർബൻ നക്സലുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
അഞ്ജന ഹരീഷും സുഹൃത്തുക്കളുമായുള്ള അവസാന ഫോൺ സംഭാഷണങ്ങളും അന്വേഷണ സംഘം ശേഖരിച്ചുവെന്നാണ് സൂചന. ലഹരി മാഫിയക്കും ചില തീവ്ര സ്വഭാവമുള്ള സംഘടനകൾക്കും ഈ മരണവുമായി ബന്ധമുണ്ടെന്നാണ് നിഗമനം. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് ചില നിർണ്ണായക മൊഴികളും രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയതായാണ് സൂചന. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഒരു സംഘത്തിന് നേരെ ആരോപണം ഉയർന്നിരുന്നു. ഇവരുടെ നീക്കങ്ങളും അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്.
അഞ്ജന ഹരീഷിന്റെ മരണത്തിന് പുറമെ തിരുവനന്തപുരത്തെ ചലച്ചിത്ര പ്രവർത്തക നയന സൂര്യൻ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായിരുന്ന കൊട്ടിയം സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനി എന്നിവരുടെ മരണങ്ങളാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നത്. ഇടത് സഹയാത്രികനായ സംവിധായകൻ ലെനിൽ രാജേന്ദ്രന്‍റെ സഹായി ആയിരുന്ന നയനയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിനാണ് നിലവിൽ മരണങ്ങളുടെ അന്വേഷണ മേൽനോട്ടം. മരണങ്ങൾക്ക് പിന്നിൽ ഇടത് തീവ്രവാദി സംഘടനകളും ജിഹാദി സംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധം വ്യക്തമാണെന്ന ഹൈന്ദവ സംഘടനകളുടെ ആരോപണം സാധൂകരിക്കുന്ന തരത്തിലാണ് പുറത്തു വരുന്ന പുതിയ വിവരങ്ങൾ.
Discussion about this post