കൈമാറ്റം ചെയ്യുന്ന നോട്ടുകളിലൂടെ കോവിഡ് ബാധയേൽക്കാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). അതിനാൽ, ഡിജിറ്റൽ പേയ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭരണകൂടം മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ആർബിഐ പറഞ്ഞു. 2020 മാർച്ച് 9 ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) നോട്ടുകളിലൂടെ കോവിഡ് ബാധയേൽക്കുമോയെന്ന സംശയമുന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തെഴുതിയിരുന്നു.
മന്ത്രി ആർബിഐക്ക് കത്ത് കൈമാറിയതിനെ തുടർന്നാണ് കൈമാറ്റം ചെയ്യുന്ന നോട്ടുകളിലൂടെ കോവിഡ് ബാധയേൽക്കാൻ സാധ്യതയുണ്ടെന്ന മറുപടി ആർബിഐ നൽകിയത്. ഇതിനു പിന്നാലെ, കഴിയുന്നവരെല്ലാം കോവിഡ് വ്യാപനം തടയുന്നതിനായി ഇനിമുതൽ പേയ്‌മെന്റുകൾ ഓൺലൈൻ വഴിയാക്കണമെന്ന് ആവശ്യപ്പെട്ട് സിഎഐടി ദേശീയ പ്രസിഡന്റ് ബി സി ഭാർത്യ, സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവൾ എന്നിവർ രംഗത്തു വന്നിരുന്നു.
കോവിഡ് വ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ വീടുകളിലിരുന്നുകൊണ്ട് ക്രെഡിറ്റ് -ഡെബിറ്റ് കാർഡുകൾ, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നീ വഴികളിലൂടെ പേയ്‌മെന്റുകൾ നടത്തുന്നതായിരിക്കും ഉചിതമെന്ന് ആർബിഐയും അറിയിച്ചു.
Discussion about this post