ന്യൂയോര്‍ക്ക് : സച്ചിന് തെന്‍ഡുല്‍ക്കര്‍ തനിക്ക് ദൈവത്തെപ്പോലെയാണെന്ന് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണി. ക്രിക്കറ്റില്‍ വളര്‍ന്നു വന്ന ഓരോ സമയത്തും ഞാനുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ സച്ചിനെ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. എനിക്ക് മാത്രമല്ല ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹം ദൈവത്തെപ്പോലെയാണ്. അദ്ദേഹത്തിനു ചുറ്റും എപ്പോഴും ഒരു പ്രഭാവലയമുണ്ടാകും. സച്ചിന് നല്ലൊരു റോള്‍ മോഡലാണെന്നും ധോണി പറഞ്ഞു.
വിജയത്തില്‍ ഒരിക്കലും അദ്ദേഹം അഹങ്കരിച്ചിട്ടില്ല. എപ്പോഴും വിനയശീലനാണ്. സച്ചിന് എങ്ങനെയാണ് ക്രിക്കറ്റിനോട് വിശ്വാസ്യത പുലര്‍ത്തിയിരുന്നത് എന്നത് ഞാന്‍ എന്റെ ആദ്യകാലങ്ങളില്‍ ശ്രദ്ധിച്ചിട്ടുണ്ട്. കളിക്കളത്തില്‍ ഇറങ്ങുന്ന ഓരോ സമയത്തും അദ്ദേഹം തന്റെ കളി മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കാറുള്ളത്. മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന്‍ തികഞ്ഞ വ്യക്തിയാണ് സച്ചിനെന്നും ധോണി പറഞ്ഞു.
അതിമോഹത്തെയാണ് ഒരു മനുഷ്യന് നിയന്ത്രിക്കാന്‍ ഏറ്റവും പ്രയാസമുള്ളത്. അതിമോഹത്തിന് പരിധിയില്ല. എന്നാല്‍ നമുക്ക് നേടാനുള്ളത് എന്താണോ അത് നിശ്ചയിച്ച് അതിമോഹത്തെ നിയന്ത്രിക്കാന്‍ കഴിയും. ഞാനൊരു നല്ല ക്രിക്കറ്ററാണ്. പക്ഷേ എനിക്കൊരിലും ലോകത്തിലെ ഏറ്റവും വേഗത കൂടിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ടിനെപ്പോലെ ആകാന്‍ കഴിയില്ല. വരുന്ന ഒക്ടോബറില്‍ തന്നെ വീണ്ടും കളിക്കളത്തില്‍ കാണാനാകുമെന്നും ജീവിതത്തോട് സത്യസന്ധത പുലര്‍ത്തിയാല്‍ വിജയം നേടാന്‍ സാധിക്കുമെന്നും ധോണി അഭിപ്രായപ്പെട്ടു.
Discussion about this post