ജയ്‌പൂർ : കോൺഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ കേണൽ രാജ്യവർധൻ സിംഗ് റാത്തോർ. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ പൂജാരിയെ ഒരു കൂട്ടമാളുകൾ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി ഇത്ര നേരം കഴിഞ്ഞിട്ടും പാർട്ടിയിതു വരെ പ്രതികരിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാത്രം രാഷ്ട്രീയ അജണ്ടയുള്ള യാത്രങ്ങൾ നടത്താനാണ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയ്ക്കും താല്പര്യമുള്ളുവെന്നും കേണൽ രാജ്യവർധൻ സിംഗ് റാത്തോർ ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കാൻ കാണിക്കുന്ന ശ്രദ്ധ സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും കാണിക്കണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും രാജസ്ഥാനാണ് മുന്നിലുള്ളതെന്നും രാജ്യവർധൻ സിംഗ് കൂട്ടിച്ചേർത്തു. രാജസ്ഥാനിലുള്ള കരൗലി ജില്ലയിലെ ബുക്നാ ഗ്രാമത്തിൽ ഒക്ടോബർ 8 രാത്രിയാണ് സ്ഥല തർക്കത്തിന്റെ പേരിൽ ഒരു കൂട്ടമാളുകൾ പൂജാരിയെ തീകൊളുത്തി കൊലപ്പെടുത്തിയത്.
Discussion about this post