മാപ്പിള ലഹളയുടെ യഥാർത്ഥ കഥയാണ് താൻ സിനിമയാക്കുന്നതെന്ന് സംവിധായകൻ അലി അക്ബർ. ഹിന്ദു വംശഹത്യയെ സ്വാതന്ത്ര്യ സമരമാക്കി മഹത്വവത്കരിക്കാൻ പാടില്ലെന്നും ചരിത്രത്തിന്റെ അപനിർമ്മിതിയെ തുറന്നു കാട്ടാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാധവൻ നായർ, നെടുങ്ങാടി എന്നിവരുടേതു ഉൾപ്പടെ നാല് പുസ്തകങ്ങളെ ആസ്പദമാക്കിയാണ് താൻ 1921ന്റെ ചരിത്രം സിനിമയാക്കുന്നത്. ചരിത്രസംഭവത്തിൽ വെള്ളം ചേർക്കാൻ താൻ ആഗ്രഹിക്കുന്നില്ല. 1921 ൽ കേരളത്തിലെ മലബാർ പ്രവിശ്യയിൽ, ഭാരതപ്പുഴ മുതൽ ചാലിയാർ വരെയുള്ള സ്ഥലങ്ങളിൽ മാപ്പിളമാർ നടത്തിയ ഹിന്ദു വംശഹത്യയും നിർബ്ബന്ധിത മതം മാറ്റങ്ങളും ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളായി തുടരുകയാണ്. ഈ അതിക്രമങ്ങളെ അപലപിച്ച് ഗാന്ധിജി, അംബേദ്കർ, ആനി ബെസന്റ് എന്നിവർ എഴുതിയ വാക്കുകളും നമുക്ക് മുന്നിലുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ചിലർ ബോധപൂർവ്വം ചരിത്രത്തെ വളച്ചൊടിച്ചു. നിസ്സഹായരായ ഹിന്ദുക്കളെ കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ബലമായി പരിവർത്തനം ചെയ്യുകയും ചെയ്തവർക്ക് പെൻഷൻ അനുവദിക്കുകയും ചെയ്തു. ഇതെല്ലാം കണ്ട ഹിന്ദുക്കൾ അനുഭവിച്ച വേദനയോട് നീതി പുലർത്താൻ ഒരു വാക്കിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയവരെ സ്വാതന്ത്ര്യസമര സേനാനികളെന്നു വാഴ്ത്തി മഹത്വപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് ഇസ്ലാമിക തീവ്രവാദികൾ ഇപ്പോൾ നടത്തുന്നത്. ഈ വ്യാജ കഥക്ക് പിന്നിലെ യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരാനാണ് തന്റെ സിനിമയിലൂടെ ശ്രമിക്കുന്നത്. 1921 ലെ കൂട്ടക്കൊല ഒരിക്കലും ആവർത്തിക്കരുത്. ചാലി സമുദായക്കാരെ ഒന്നാകെ കുടിലുകളിൽ കുന്തം കൊണ്ട് കുത്തി തള്ളി ഇട്ടു കത്തിക്കുകയായിരുന്നു കലാപകാരികൾ ചെയ്തത്.
കേരളത്തിൽ നടന്ന ഒരു വിശ്വാസ വഞ്ചനയുടെ ചരിത്രമാണ് താൻ സിനിമയാക്കുന്നത്. ചിലർക്ക് വേണ്ടത് സത്യമല്ല, വാര്യംകുന്നനെ മഹത്വവൽക്കരിക്കൽ ആണ്. ചരിത്രം മനസ്സിലാക്കുന്നവർക്ക് അറിയാം വാര്യംകുന്നൻ ഒരു സ്വാതന്ത്ര്യ സമര സേനാനി അല്ല എന്ന്. ഇവിടെ കൊലചെയ്യപ്പെട്ട ക്രിസ്ത്യാനികളും ഉണ്ട്. തിരൂർ ഭാഗത്ത് ഓട്ടു കമ്പനിയിൽ ജോലി ചെയ്തിരുന്ന മൂവായിരത്തോളം ക്രിസ്ത്യാനികളെയാണ് കലാപകാരികൾ ഇവിടെ നിന്നും ഓടിച്ചത്. സ്വന്തം തറവാട് നശിപ്പിച്ച് സ്വന്തം ആൾക്കാരെ വെട്ടിക്കൊന്ന കുടുംബത്തിൽ സ്വാതന്ത്ര്യ സമര പെൻഷൻ കൊണ്ട് കൊടുക്കാൻ വിധിക്കപ്പെട്ട ഒരു പോസ്റ്റ്മാൻ ഉണ്ട്.
തനിക്ക് ഭീഷണിയുണ്ട്. എന്നാൽ അത് കാര്യമാക്കുന്നില്ല. ലഹളയുടെ വാർഷികമായ ഓഗസ്റ്റ് 20ന് ചിത്രം റിലീസ് ചെയ്യണം. എല്ലാ തരത്തിലുമുള്ള സഹായങ്ങൾ പൊതുജനങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതായും അലി അക്ബർ പറഞ്ഞു.
Discussion about this post