കോവിഡ് പ്രതിരോധ വാക്സിൻ ഈ വർഷം അവസാനത്തോടെ തയ്യാറായേക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ തെഡ്രോസ് അദാനം ഗെബ്രിയൂസിസ്. വാക്സിൻ ലഭ്യമാകുമ്പോൾ ലോകനേതാക്കൾ അതെല്ലാവർക്കും തുല്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഐക്യവും രാഷ്ട്രീയ ഇച്ഛാശക്തിയും പ്രകടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
യോഗത്തിൽ ലോകാരോഗ്യ സംഘടന ശക്തിപ്പെടുത്താൻ കൂടുതൽ പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് ജർമ്മനി, ബ്രിട്ടൻ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഒൻപത് വാക്സിനുകളാണ് ലോകാരോഗ്യ സംഘടനയുടെ കോവാക്സ് ആഗോള വാക്സിൻ സംവിധാനത്തിനു കീഴിൽ, പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളിലുള്ളത്. അടുത്ത വർഷം അവസാനമാകുമ്പോഴേക്കും 200 കോടി കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്യുകായെന്നതാണ് കോവാക്സ് സംവിധാനത്തിന്റെ ലക്ഷ്യം. കോവിഡ് -19 മഹാമാരിയെ സംബന്ധിച്ച വിവരങ്ങൾ ലോകത്തെ അറിയിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും ആവുന്നതെല്ലാം ലോകാരോഗ്യ സംഘടന ചെയ്തിട്ടുണ്ടെന്ന് തെഡ്രോസ് അദാനം ഗെബ്രിയൂസിസ് അവകാശപ്പെട്ടു.
Discussion about this post