അന്തരിച്ച മഹാകവി അക്കിത്തം അച്ച്യുതൻ നമ്പൂതിരിക്ക് അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മലയാളഭാഷയും കേരളീയ സംസ്കാരവും ഉള്ളിടത്തോളം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തന്റെ സാഹിത്യകൃതികളാൽ സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനത്തിന് ഒരു ജനതയെ പ്രേരിപ്പിച്ച യുഗപ്രഭാവനായിരുന്നു അക്കിത്തമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസത്തിന് വിട….
സൂര്യന് കീഴിൽ തന്റെ ഭാഷയും സംസ്കാരവും നിലനിൽക്കുന്ന കാലം വരെയും മഹാൻമാരായ കലാകാരൻമാരും ഓർമ്മിക്കപ്പെടും. മലയാളഭാഷയും കേരളീയ സംസ്കാരവും ഉള്ളിടത്തോളം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയും ഓർമ്മിക്കപ്പെടും. തന്റെ സാഹിത്യകൃതികളാൽ സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനത്തിന് ഒരു ജനതയെ പ്രേരിപ്പിച്ച യുഗപ്രഭാവനായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തെ ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസത്തിന് മുമ്പും ശേഷവും എന്ന് വിലയിരുത്താമെന്നാണ് എല്ലാ സാഹിത്യവിമർശകരും പറയുന്നത്. അതുവരെ സാഹിത്യമണ്ഡലത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന ഭൗതികവാദ പ്രത്യയശാസ്ത്ര ആശയത്തിൻമേൽ ആർഷഭാരതീയ സംസ്കാരമെന്ന മഹത്തായ ആദർശത്തിന്റെ ആധിപത്യമുറപ്പിക്കലായിരുന്നു ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം. ഹിംസയെ എതിർക്കുകയും അഹിംസയുടെ മഹത്വം വിളംബരം ചെയ്യുകയും ചെയ്യുന്ന ഈ കൃതി അക്കാലത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒഴുക്കിനെതിരെ നീന്തുന്നതിന് തുല്ല്യമായിരുന്നു. എന്നാൽ അക്കിത്തമായിരുന്നു ശരിയെന്ന് അന്ന് അദ്ദേഹത്തെ എതിർത്തവർ പോലും ഇപ്പോൾ തുറന്ന് പറയുന്ന സാഹചര്യമുണ്ടായത് അദ്ദേഹത്തിന്റെ കൃതി ജനങ്ങളിലുണ്ടാക്കിയ സ്വാധീനത്തിന്റെ ശക്തിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കൾ, ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ), അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ, നിമിഷ ക്ഷേത്രം തുടങ്ങിയ അദ്ദേഹത്തിന്റെ പ്രധാനകൃതികളെല്ലാം മലയാളികൾക്ക് പ്രിയങ്കരമാണ്. കലാകാരനും സാമൂഹികപരിഷ്ക്കർത്താവുമായ നവോത്ഥാനനായകന്റ ആത്മാവിന് വിഷ്ണുപദം ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
https://www.facebook.com/KSurendranOfficial/photos/a.640026446081995/3442568489161096/












