കൊളംബോ : ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ സുരക്ഷാ ചുമതലയുള്ള പ്രത്യേക സേനാവിഭാഗത്തിന് പരിശീലനം നൽകിയത് ഇന്ത്യയുടെ കൗണ്ടർ-ടെററിസം ഫോഴ്സായ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) ആണെന്ന് എൻഎസ്ജിയുടെ ഡയറക്‌ടർ ജനറൽ എസ്എസ് ദേശ്വാൾ. 21 അംഗങ്ങളുള്ള പ്രത്യേക സേനാ വിഭാഗത്തിന് എൻഎസ്ജി പരിശീലനം നൽകിയതിൽ നന്ദി പ്രകടിപ്പിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ 35-ാ൦ സ്ഥാപക ദിനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിലാണ് എൻഎസ്ജി ഡയറക്ടർ ജനറൽ ഇക്കാര്യം വിശദമാക്കിയത്. അതിപ്രാധാന്യമുള്ള ഭീകരവിരുദ്ധ ദൗത്യങ്ങൾക്കായി 1984-ലാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ് എന്ന പേരിൽ സേനാവിഭാഗം രൂപീകരിച്ചത്. രണ്ടു ദശാബ്ദത്തോളം രാജ്യത്തെ പ്രധാന വ്യക്തികളുടെ സുരക്ഷ ഈ ‘കരിമ്പൂച്ച’കളുടെ കയ്യിൽ സുരക്ഷിതമായിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ സുരക്ഷാ ചുമതലയുൾപ്പെടെ നിലവിൽ 13 വിഐപികളുടെ സുരക്ഷാ ചുമതലയാണ് നാഷണൽ സെക്യൂരിറ്റി ഗാർഡിനുള്ളത്.
Discussion about this post