തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ തനിക്ക് കലശലായ നടുവേദനയുണ്ടെന്നാണ് ശിവശങ്കർ ഇപ്പോഴും ഡോക്ടർമാരോട് പറയുന്നത്. അതുകൊണ്ട് നിലവിൽ ശിവശങ്കർ ഐസിയുവിൽ തന്നെ തുടരട്ടെയെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ശിവശങ്കറിനെ ഇന്നും എംആർഐ സ്കാനിംഗിന് വിധേയനാക്കും.
അതേസമയം മെഡിക്കൽ ബോർഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. ഡോക്ടർമാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടർനടപടികൾ. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ശിവശങ്കറിനെ മാറ്റിയത്. ശിവശങ്കറിന്‍റെ ചികിത്സയ്ക്കായി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മെഡിക്കൽ ബോർഡിൽ കാർഡിയോളജി, ന്യൂറോ സർജറി, ന്യൂറോ വിഭാഗം ഡോക്ടർമാരാണുള്ളത്.
കസ്റ്റംസ് കേസിൽ ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഐസിയുവിൽ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയ്യാറാക്കി.
Discussion about this post