കൊച്ചി : ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്കു ശ്രമിച്ചു. അമിതമായ അളവിൽ ഗുളിക കഴിച്ച സജ്‌നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. സജ്‌നയിപ്പോൾ ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്. നേരത്തെ ബിരിയാണി വിൽപ്പനക്കിടെ ചിലരുടെ ആക്രമണമുണ്ടായിയെന്ന ഇവരുടെ പരാതി വലിയ വാർത്തയായിരുന്നു.
സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ സജ്നക്ക് സഹായവുമായി എത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു പിന്നാലെ ഇത് തട്ടിപ്പാണെന്ന് ആരോപിച്ച് മറ്റൊരു ട്രാൻസ്‌വുമൺ രംഗത്തുവന്നു. സജ്ന ഒപ്പമുള്ള ആളിനോട് സംസാരിക്കുന്ന ശബ്ദ സന്ദേശവും ഇവർ പുറത്തു വിട്ടിരുന്നു. ഇതേ തുടർന്നാണ് സജ്‌ന ആത്മഹത്യയ്ക്കു ശ്രമിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പങ്കു വെച്ചതിനു ശേഷം സജ്നയുടെ കച്ചവടം നല്ലരീതിയിൽ ഉയർന്നിരുന്നു.
നേരത്തെ 200 ബിരിയാണി വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ഞൂറോളം ബിരിയാണികളാണ് വിൽക്കുന്നതെന്നും സജ്ന പറഞ്ഞിരുന്നു. ബിരിയാണി വിൽപനയിൽ നിന്നും ഹോട്ടൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. ഇതിനിടെയാണ് ട്രാൻസ്‌വുമൺ ആരോപണവുമായി എത്തിയത്.
Discussion about this post