ബംഗളൂരു: കൂട്ടബലാത്സംഗം കൊലപാതകത്തെക്കാള്‍ ഭീകരമാണെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്കാന് ഇന്ത്യന്‍ ശിക്ഷാ നിയമം ഭേദഗതി ചെയ്യണമെന്നും കര്‍ണാടക ഹൈകോടതി. 2012 ഒക്ടോബര്‍ 13ന് ബംഗളൂരു ജ്ഞാനഭാരതി കാമ്പസിന് സമീപം 21കാരിയായ നിയമവിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഏഴുപേര്‍ക്ക് വിചാരണ കോടതി ചുമത്തിയ ജീവപര്യന്തം തടവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ബി. വീരപ്പ, കെ. നടരാജന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വധശിക്ഷയെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രധാന നിരീക്ഷണം നടത്തിയത്.
ജീവപര്യന്തം ശിക്ഷയില്‍ ഇളവ് തേടിക്കൊണ്ടാണ് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്. സ്വാതന്ത്ര്യം ലഭിച്ച 74 വര്‍ഷം പിന്നിട്ടിട്ടും സ്ത്രീകള്‍ സുരക്ഷിതരല്ല. രാത്രികാലങ്ങളില്‍ വനിതകള്‍ക്ക് സ്വതന്ത്രമായി റോഡിലൂടെ നടക്കാന്‍ എപ്പോഴാണോ കഴിയുന്നത് അന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പറയാമെന്ന രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഓര്‍ക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കൂട്ടബലാത്സംഗ കൊലപാതകത്തിനാണ് നിലവില്‍ വധശിക്ഷയുള്ളത്. മരണമില്ലാത്ത കൂട്ടബലാത്സംഗത്തിന് ഐ.പി.സി 376ഡി വകുപ്പ് പ്രകാരം വധശിക്ഷയില്ല. ഒന്നോ അതില്കൂടുതല് ആളുകളോ ചേര്‍ന്ന് സ്ത്രീയെ ബലാത്സംഗം ചെയ്താല്‍ 20 വര്‍ഷത്തില്‍ കുറയാതെയും ജീവിതാവസാനം വരെയും കഠിനതടവ് മാത്രമാണുള്ളത്. എല്ലാത്തരം കൂട്ടബലാത്സംഗത്തിനും വധശിക്ഷ ഉള്‍പ്പെടുത്തുന്നതിനായി ദേശീയതലത്തില്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.
Discussion about this post