ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിലൂടെ തങ്ങൾക്ക് ഒന്നും നേടാൻ കഴിഞ്ഞിട്ടില്ലെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാർഗിൽ യുദ്ധത്തിനു കാരണക്കാർ പാകിസ്ഥാൻ സൈന്യത്തിലെ ജനറലുകളടക്കമുള്ള ചില ഉന്നത ഉദ്യോഗസ്ഥരായിരുന്നുവെന്നും ആവശ്യമായ ഭക്ഷണമോ പൊരുതാൻ ആയുധങ്ങളോയില്ലാതെ നിരവധി പാക് സൈനികർക്ക് യുദ്ധത്തിൽ ജീവൻ നഷ്ടമായെന്നതിൽ തനിക്ക് ദുഃഖമുണ്ടെന്നും നവാസ് ഷെരീഫ് പറഞ്ഞു.
ബലൊചിസ്ഥാനിൽ നടന്ന ‘പാകിസ്ഥാൻ ഡെമോക്രറ്റിക്ക് മൂവ്മെന്റിൽ’ സംസാരിക്കുകയായിരുന്നു നവാസ്. 1999-ലാണ് കാർഗിൽ യുദ്ധം നടന്നത്. അന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് നവാസ് ഷെരീഫ്. മൂന്നുമാസത്തോളം നീണ്ടു നിന്ന കാർഗിൽ യുദ്ധത്തിൽ വിജയിച്ചത് ഇന്ത്യയാണ്. കാർഗിൽ യുദ്ധസമയത്ത് പാകിസ്ഥാൻ സൈന്യത്തെ മുൻ പാക് പ്രസിഡന്റും റിട്ടയേർഡ് ജനറലുമായ പർവേസ് മുഷറഫ് തന്റെ സ്വകാര്യ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നുവെന്ന് നവാസ് ഷെറീഫ് കൂട്ടിച്ചേർത്തു. മാത്രമല്ല, പാകിസ്ഥാൻ സൈനിക തലവൻ ജനറൽ ഖമർ ജാവേദ് ബജ്‌വ, പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഡി.ജി ജനറൽ ഫായീസ് ഹമീദ് എന്നിവർക്കെതിരെയും നവാസ് ഗുരുതര ആരോപണങ്ങളുന്നയിച്ചു.
2018 -ലെ പാക് തിരഞ്ഞെടുപ്പിൽ ഖമർ ജാവേദ് ബജ്‌വ കൃത്രിമം കാണിച്ചാണ് ഇമ്രാൻ ഖാനെ പ്രധാനമന്ത്രിയാക്കിയതെന്നാണ് നവാസ് ഷെരീഫ് പറഞ്ഞത്.
Discussion about this post