കൊച്ചി : ദുർഗാദേവിയെ അപമാനിക്കുന്ന രീതിയിലുള്ള ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. ആലുവ സ്വദേശിയായ ഫോട്ടോഗ്രാഫർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഹിന്ദു ഐക്യവേദിയുടെ പരാതിയെതുടർന്നാണ് നടപടി. മോഡലിനെതിരെ കേസെടുക്കണോയെന്നത് കൂടുതൽ അന്വേഷണങ്ങൾക്കു ശേഷം തീരുമാനിക്കും.
മടിയിൽ കഞ്ചാവും മദ്യവും വച്ചിരിക്കുന്ന രീതിയിൽ ദുർഗ്ഗാദേവിയെ ചിത്രീകരിച്ചുവെന്നാണ് പരാതി. നവരാത്രിയോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾക്കെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു ഐക്യവേദി പരാതി നൽകിയത്. തുടർന്ന്, സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ യുവതി നീക്കം ചെയ്തു. അതേസമയം, നവരാത്രി തീമിൽ ചെയ്ത ഫോട്ടോഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസ്സിലാക്കുന്നുവെന്നും നിർവ്യാജം ഖേദിക്കുന്നുവെന്നും യുവതി അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും മതത്തെ വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല ചിത്രങ്ങൾ പങ്കുവെച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post