ന്യൂഡൽഹി : പുൽവാമയിലെ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേട്ടമാണെന്ന പാക് മന്ത്രിയുടെ പ്രസ്താവനയ്ക്ക് കടുത്ത മറുപടി നൽകി ഇന്ത്യ. പാകിസ്ഥാൻ ഭീകരർക്ക് നൽകുന്ന പിന്തുണ ലോകത്തിനു മുഴുവനറിയാമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചത്.
” എത്രയൊക്കെ നിഷേധിച്ചാലും സത്യം മറച്ചു വയ്ക്കാൻ സാധിക്കില്ല. പാകിസ്ഥാനാണ് യു.എൻ പട്ടികയിലെ ഭീകരർക്ക് സംരക്ഷണം നൽകുന്നത്. അതിനാൽ തന്നെ, ഇനി തങ്ങൾ ഇരയാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ ഉപേക്ഷിക്കണം”- അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പാകിസ്ഥാനിൽ തടവിലായ ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാനെ തിരിച്ചു നൽകിയത് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താലാണെന്ന് പാക് പ്രതിപക്ഷം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ്, നാണക്കേട് മറയ്ക്കാനെന്നോണം പുൽവാമ ആക്രമണത്തെ ഇമ്രാൻഖാൻ നേതൃത്വത്തിനു കീഴിലെ ഏറ്റവും വലിയ നേട്ടമായി ചിത്രീകരിച്ച് പാകിസ്ഥാന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി രംഗത്തുവന്നത്. പാർലമെന്റിലാണ് മന്ത്രി ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.
Discussion about this post