കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു തമിഴ്നാട്ടിൽ കോടികളുടെ കാറ്റാടി നിക്ഷേപമുള്ളതായി റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ നാഗർകോവിലിലുള്ള കാറ്റാടിപ്പാടത്ത് ശിവശങ്കർ ബിനാമികൾ വഴി നിക്ഷേപം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇതേ തുടർന്ന്, സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച എൻഫോഴ്സ്മെന്റ് അന്വേഷണം നാഗർകോവിലിലേക്ക് നീളുകയാണ്. കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന നാഗർകോവിലിലെ കമ്പനികളുമായി ശിവശങ്കർ അടുത്ത ബന്ധം സ്ഥാപിക്കുന്നത് കെഎസ്ഇബി ചെയർമാനായിരുന്ന കാലത്താണ്. സംസ്ഥാനത്തെ ചില ഉന്നതരും ശിവശങ്കർ വഴി നാഗർകോവിലിൽ കള്ളപ്പണം നിക്ഷേപിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇതേ സംബന്ധിച്ച സൂചനകൾ ലഭിച്ചത് ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴികളിൽ നിന്നാണ്. മാത്രമല്ല, കുറച്ചുകാലം നാഗർകോവിലിലേക്ക് മാറി നിൽക്കാൻ വേണുഗോപാലിനോട് ശിവശങ്കർ നിർദ്ദേശിക്കുന്ന വാട്സ്ആപ്പ് ചാറ്റുകൾ നേരത്തെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. തിരുവനന്തപുരത്തെ യു.എ.ഇ മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിക്കുൾപ്പെടെ നാഗർകോവിലിലെ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള ജർമൻ കമ്പനിയിൽ നിക്ഷേപമുണ്ടെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതേ സംബന്ധിച്ച വിശദമായ അന്വേഷണം നടന്നു വരികയാണ്.
Discussion about this post