തിരുവനന്തപുരം : സോളാർ കേസ് പ്രതിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. യുഡിഎഫ് സമരവേദിയിലാണ് മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.
മുല്ലപ്പള്ളിയുടെ ഖേദപ്രകടനം പൊള്ളയാണെന്നും നടപടിയെടുക്കുമെന്നും സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പ്രതികരിച്ചിരുന്നു. പീഡനത്തിനിരയായ സ്ത്രീ ആത്മാഭിമാനമുണ്ടെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ഇല്ലെങ്കിൽ പീഡനം ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സോളാർ കേസ് പ്രതിയെ ഉദ്ദേശിച്ച് പറഞ്ഞത്. സംസ്ഥാനം മുഴുവൻ തന്നെ ബലാത്സംഗം ചെയ്തേന്ന് വിലപിക്കുന്ന സ്ത്രീയാണ് ഇതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
പരാമർശം വിവാദമായതോടെ ഖേദപ്രകടനം നടത്തി കെപിസിസി പ്രസിഡന്റ് രംഗത്തു വന്നിരുന്നു. കോൺഗ്രസ് നേതാവ് എ.പി അനിൽകുമാർ ബലാത്സംഗം ചെയ്തതായി സോളാർ കേസ് പ്രതി വെള്ളിയാഴ്ച പോലീസിൽ പരാതി നൽകിയ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയത്.
Discussion about this post