കൊച്ചി : സ്‌പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് താൽക്കാലികമായി തടഞ്ഞ് കേരള ഹൈക്കോടതി. അഭിഭാഷകനായ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. മോട്ടോർ വാഹന നിയമമനുസരിച്ച് ഓരോ റോഡിലും വാഹനങ്ങൾക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്.
ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിക്കാതെ പിഴയീടാക്കുന്നത് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിജു കോടതിയെ സമീപിച്ചത്. പരമാവധി വേഗതയെ കുറിച്ച് അറിവില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ പാതകളിൽ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറകളിൽ പതിയുകയും പിന്നീട് അമിത വേഗതയ്ക്ക് പിഴയീടാക്കി കൊണ്ടുള്ള നോട്ടീസ് വാഹന ഉടമകൾക്ക് ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് സിജു ചൂണ്ടിക്കാട്ടി. മോട്ടോർ വാഹന ചട്ടമനുസരിച്ച് പോലീസിന്റെ ഹൈടെക് ട്രാഫിക്ക് വിഭാഗത്തിനു പിഴയീടാക്കാനുള്ള അധികാരമില്ലെന്നും അഭിഭാഷകൻ ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഹർജിയിൽ സിജു കമലാസനൻ വ്യക്തമാക്കിയിട്ടുള്ള വിവരങ്ങൾ പരിശോധിച്ചതിനു ശേഷം ജസ്റ്റിസ് രാജാ വിജയരാഘവനാണ് അമിത വേഗതയ്ക്ക് പിഴയീടാക്കുന്നത് താൽക്കാലികമായി തടഞ്ഞ്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
Discussion about this post