ആലപ്പുഴ : വാളയാർ ഇരട്ട പീഡനകേസിലെ പ്രതി പ്രദീപ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല വയലാറിലെ വീടിനുള്ളിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തത് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ അമ്മയോടൊപ്പം പ്രദീപ് ബാങ്കിൽ പോയിരുന്നു. തിരികെയെത്തി ഒരുപാട് നേരം കഴിഞ്ഞിട്ടും പ്രദീപിനെ മുറിക്കു പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. വാളയാർ ഇരട്ട പീഡന കേസിലെ മൂന്നാം പ്രതിയാണ് മരിച്ച പ്രദീപ്.
പ്രദീപ് ഉൾപ്പെടെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ നേരത്തെ പോക്സോ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കേസിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യ.
Discussion about this post