ബംഗാളിൽ ബിജെപി ജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പശ്ചിമ ബംഗാളിൽ ദ്വിദിന സന്ദർശനത്തിനെത്തിയപ്പോഴാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ റാലികളിൽ ഉണ്ടാകുന്ന വൻ ജനപങ്കാളിത്തം ബംഗാൾ ജനത മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്. മമത ബാനർജിക്കും തൃണമൂൽ ഭരണത്തിനുമെതിരെ നിലനിൽക്കുന്ന ജനരോഷം താൻ നേരിട്ട് മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ ബിജെപി അധികാരത്തിൽ വരാനുള്ള എട്ട് കാരണങ്ങളും അദ്ദേഹം ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.
1. ബംഗാൾ ജനത മാറ്റം ആഗ്രഹിക്കുന്നു– ബംഗാൾ ജനത മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങളിലെ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ബിജെപി അനുകൂല തരംഗം സൃഷ്ടിക്കുന്നു.
2. പശ്ചിമ ബംഗാളിലെ ജനങ്ങൾ നരേന്ദ്ര മോദിയിൽ വിശ്വസിക്കുന്നു– പശ്ചിമ ബംഗാളിലെ ജനങ്ങൾ നരേന്ദ്ര മോദി എന്ന ദേശീയ നേതാവിൽ വിശ്വാസം അർപ്പിക്കുന്നു. ബിജെപിയുടെ റാലികളിലെ വൻ ജനപങ്കാളിത്തം ഇതിന് തെളിവാണ്. ബംഗാൾ ജനതയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ മോദിക്ക് സാധിക്കുമെന്ന് അവർ വിശ്വസിക്കുന്നു.
3. രാഷ്ട്രീയ കൊലപാതകങ്ങൾ സമാധാന ജീവിതം തകർത്തു– ബംഗാളിൽ മമത സർക്കാരിന്റെ കാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ സമാധാന പ്രിയരായ ജനങ്ങളെ ബാധിച്ചു. നൂറിലധികം ബിജെപി നേതാക്കൾക്ക് സംസ്ഥാനത്ത് ജീവൻ നഷ്ടമായി. ഇതിൽ മുക്കാൽ പങ്ക് സംഭവങ്ങളിൽ ഒരാൾ പോലും അറസ്റ്റ് ചെയ്യപ്പെട്ടില്ല. ഇത് സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിലെ വീഴ്ചയെ സൂചിപ്പിക്കുന്നു.
4. ക്രമസമാധാന പരിപാലനത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കൈവരിച്ച നേട്ടം ബംഗാൾ ജനത മനസ്സിലാക്കുന്നു– ക്രമസമാധാന പാലനത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കൈവരിച്ച വൻ മുന്നേറ്റം ബംഗാൾ ജനത തിരിച്ചറിയുന്നു. ക്രമസമാധാനം താറുമാറായി കിടന്ന ഉത്തർ പ്രദേശിൽ പോലും മികച്ച നേട്ടം കൈവരിക്കാൻ യോഗി സർക്കാരിന് സാധിച്ചു. ദേശീയ ഏജൻസികളുടെ കണക്കുകൾ ഇത് സാധൂകരിക്കുന്നു.
5. കന്നുകാലിക്കടത്തും നുഴഞ്ഞു കയറ്റവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു– വലിയൊരു വിഭാഗം ജനങ്ങൾ കൃഷിയെ ആശ്രയിച്ചു കഴിയുന്ന സംസ്ഥാനത്ത് കന്നുകാലിക്കടത്ത് വ്യാപകമാണ്. കൂടാതെ അതിർത്തി വഴിയുള്ള ബംഗ്ലാദേശി നുഴഞ്ഞു കയറ്റം വലിയ ക്രമസമാധാന ഭീഷണി സൃഷ്ടിക്കുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇത് കാരണമാകുന്നു. ദേശസ്നേഹികളായ ബംഗാളി ജനത ഇതിന് പരിഹാരം കാണാൻ ആഗ്രഹിക്കുന്നു.
6. കേന്ദ്ര ഏജൻസികൾക്കെതിരായ മമതയുടെ ആക്ഷേപങ്ങൾ പൊളിയുന്നു– സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ മറച്ചുവെക്കാൻ മമത കേന്ദ്ര ഏജൻസികളെ പഴിചാരുന്നു. എന്നാൽ കേന്ദ്ര ഏജൻസികളുടെ ഒരു പിഴവ് പോലും വസ്തുതാപരമായി ചൂണ്ടിക്കാണിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ബിജെപിക്ക് സാധിക്കുന്നു.
7. നിയമലംഘനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങൾ കുടപിടിക്കുന്നു– സംസ്ഥാനത്തെ നിയമലംഘനങ്ങൾ സർക്കാർ സ്പോൺസേർഡ് ആയി മാറുന്നു. രാഷ്ട്രീയ ഉന്മൂലനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ മൗനം പാലിക്കുന്നു. ഇത് തിരിച്ചറിയുന്ന ജനങ്ങൾ മൗനങ്ങളിൽ പ്രതിഷേധം ഒളിപ്പിക്കുന്നു.
8. ബംഗാളിന്റെ മനസ്സ് മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിജെപിക്ക് വാഗ്ദാനം ചെയ്യുന്നു– കേന്ദ്രത്തിൽ മോദി സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികൾ കൃത്യമായി ജനങ്ങൾക്ക് ബോദ്ധ്യപ്പെടുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വൻ മുന്നേറ്റം ഇത് സാക്ഷ്യപ്പെടുത്തുന്നു. മമതയുടെയും അവരുടെ രാഷ്ട്രീയ ഗുണ്ടകളുടെയും ഭീഷണികളെ അതിജീവിച്ചാണ് പതിനെട്ട് സീറ്റുകളിൽ ബിജെപി വെന്നിക്കൊടി പാറിച്ചത്.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തൊടെ അധികാരത്തിൽ വരുമ്പോൾ തൃണമൂൽ കോൺഗ്രസ്സ് തകർന്നടിയുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
Discussion about this post