വാഷിംഗ്ടൺ; തീവ്രദേശീയതയ്ക്ക് പകരം രാജ്യ പുരോഗതിയുടെ കാര്യത്തിൽ ഉദാരനയസമീപനം മുന്നോട്ട് വെച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയർ. എച്ച് വൺ ബി വിസകൾ ഉൾപ്പെടെയുള്ളവയുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും വിദേശ തൊഴിലാളികൾക്ക് സ്കിൽഡ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പുനപരിശോധിക്കുമെന്നുമുള്ള ബൈഡന്റെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നോക്കിക്കാണുന്നത്.
അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനായി എച്ച് വൺ ബി അടക്കമുള്ള തൊഴിൽ വിസകൾ 2020 ജൂൺ വരെ റദ്ദാക്കുന്നതായി ട്രമ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ തൊഴിൽ വിസകൾക്ക് കടുത്ത നിയന്ത്രണങ്ങളും ട്രമ്പ് ഏർപ്പെടുത്തിയിരുന്നു. ഇവയിലൊക്കെ യുക്തിപരമായ പുനപരിശോധന ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
സ്കിൽഡ് വിസകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കുമെന്നും വിദേശങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകളെ രാജ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്തി വികസനം സാധ്യമാക്കുന്ന അമേരിക്കൻ പാരമ്പര്യമാണ് താൻ പിന്തുടരാൻ പോകുന്നതെന്നും ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബൈഡന്റെ ഈ പ്രഖ്യാപനത്തെ ഇന്ത്യയും അമേരിക്കയിലെ ടെക് കമ്പനികളും ഒരേ പോലെ സ്വാഗതം ചെയ്യുന്നതാണ്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് അമേരിക്കയിലെ 46 ടെക് കമ്പനികളും നിരവധി സർവ്വകലാശാലകളും പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
വിദേശരാജ്യങ്ങളിൽ നിന്നുള്ള ബിരുദധാരികൾക്ക് അമേരിക്കയിലെ ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിംഗ് മേഖലകളിൽ ഗവേഷണത്തിനുള്ള സാദ്ധ്യതകൾ ഉദാരമാക്കുമെന്നും അത്തരം പ്രതിഭകളെ ആഗോള സമ്പദ്ഘടനയുടെ വികസനത്തിന് പ്രയോജനപ്പെടുത്തുമെന്നുമുള്ള ബൈഡന്റെ പ്രഖ്യാപനം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്.
Discussion about this post