തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു. എൽഡിഎഫ് കൺവീനർ എ വിജയരാഘവന് പാർട്ടി സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകും. ആരോഗ്യപരമായ കാര്യങ്ങൾ മുൻനിർത്തി കോടിയേരി സംസ്ഥാന സെക്രട്ടറിയേറ്റിന് അവധി അപേക്ഷ നൽകുകയായിരുന്നു.
എന്നാൽ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിൽ അറസ്റ്റിലായ സാഹചര്യത്തിൽ പാർട്ടിയുടെ പ്രതിച്ഛായ നിലനിർത്താനാണ് കോടിയേരിയെ പുറത്താക്കിയത് എന്നാണ് സൂചന. ബിനീഷ് വിഷയത്തിൽ പാർട്ടി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ കോടിയേരിക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു. എന്നാൽ അണികളുടെ അസംതൃപ്തിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും നേരിടാനാകാതെയാണ് ഈ തീരുമാനമെന്നാണ് സൂചന.
ബിനോയ് വിഷയത്തിലും കോടിയേരിയുടെ രാജി പാർട്ടി അണികൾ ആഗ്രഹിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ പിന്തുണ കോടിയേരിക്ക് ആശ്വാസമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം അഴിമതി ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന സാഹചര്യത്തിൽ കോടിയേരിയെ മാറ്റാതെ നിവൃത്തിയില്ലാത്ത അവസ്ഥയിൽ സിപിഎം എത്തിച്ചേരുകയായിരുന്നു.
മകൻ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ അറസ്റ്റിലായ പശ്ചാത്തലത്തിലെ കോടിയേരിയുടെ രാജി ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ആയുധമാക്കുമെന്ന് ഉറപ്പാണ്.
Discussion about this post