കോൺഗ്രസിന്റെ ദൈവമാണ് രാഹുൽ ഗാന്ധിയെന്ന് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ്. വിഷയത്തിൽ അഭിരുചിയില്ലാതെ അധ്യാപകനെ ആകർഷിക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥിയെ പോലെയാണ് രാഹുൽ ഗാന്ധിയെന്ന് ഒബാമ തന്റെ പുസ്തകത്തിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ആചാര്യ പ്രമോദ്.
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ മോദിയുടെ ആരാധകനാണെങ്കിൽ അത് പരസ്യമായി പ്രസ്താവിക്കുകയാണ് വേണ്ടതെന്നും ആചാര്യ പ്രമോദ് അഭിപ്രായപ്പെട്ടു. ഒബാമയുടെ ഓർമ്മക്കുറിപ്പുകളങ്ങിയ ‘എ പ്രോമിസ്ഡ് ലാൻഡ്’ എന്ന പുസ്തകത്തിലാണ് രാഹുൽ ഗാന്ധിയെ കുറിച്ച് ഒബാമ എഴുതിയിട്ടുള്ളത്. രാഹുൽ ഗാന്ധിയെ കുറിച്ചുള്ള ഒബാമയുടെ പരാമർശം പുറത്തു വന്നതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലെല്ലാം ബിജെപി പ്രവർത്തകർ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തു വന്നിരുന്നു.
നരേന്ദ്രമോദിയെ കുറിച്ച് 2015-ൽ ഒബാമയെഴുതിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത് ഇതിനു പിന്നാലെയാണ്. ടൈം മാഗസിനിൽ ഒബാമയെഴുതിയ ലേഖനത്തിൽ, ചായ വില്പനയിൽ നിന്നും പ്രധാനമന്ത്രി പദത്തിലെത്തിയ ഇന്ത്യയുടെ മുഖ്യ പരിഷ്കർത്താവാണ് മോദിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതായിരിക്കാം കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്.










