മുംബൈ: പാൽഘർ ആൾക്കൂട്ടക്കൊല കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തിയ ബിജെപി എം.എൽ.എ രാം കദം പോലീസ് കസ്റ്റഡിയിൽ. എം.എൽ.എയുടെ വസതിയിൽ നിന്നും ആൾക്കൂട്ടക്കൊല നടന്ന പാൽഘർ വരെ ‘ജൻ ആക്രോഷ് യാത്ര’ നടത്തിയാണ് കേസന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ വേണ്ട താല്പര്യം കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതിഷേധിച്ചത്.
പ്രതിഷേധ പരിപാടികൾക്ക് ബാനറുകളും കറുത്ത കൊടികളുമുയർത്തി എംഎൽഎയുടെ അനുയായികളും ഒപ്പമുണ്ടായിരുന്നു. കൊലപാതകം നടന്ന് 212 ദിവസങ്ങൾ പിന്നിട്ടിട്ടും വേണ്ട നടപടികളെടുക്കാൻ മഹാരാഷ്ട്ര സർക്കാർ തയ്യാറായിട്ടില്ലെന്ന് രാം കദം പറഞ്ഞു.
പ്രതിഷേധ പരിപാടികൾക്കിടെ രാം കദമിനെയും അദ്ദേഹത്തിന്റെ അനുയായികളെയും മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരങ്ങൾ. നിലവിൽ, എംഎൽഎയുൾപ്പെടെയുള്ളവർ ഖർ പോലീസ് സ്റ്റേഷനിലാണുള്ളത്. ഏപ്രിൽ 16 -നാണ് മുംബൈയിൽ നിന്നും ഗുജറാത്തിലേക്കു പോവുകയായിരുന്ന രണ്ടു സന്യാസിമാരെയും ഡ്രൈവറെയും ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയത്. കേസിൽ 366 പേരെ പ്രതി ചേർത്തിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ഇതേ തുടർന്നാണ് കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എംഎൽഎ രാം കദം രംഗത്തു വന്നിട്ടുള്ളത്.
Discussion about this post