ഡൽഹി: കൊവിഡ് പ്രതിരോധത്തിന് അടിയന്തര പ്രാധാന്യം നൽകുന്ന നയമാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റേതെന്ന് അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരഞ്ജിത് സിംഗ് സന്ധു. കൊവിഡ് വാക്സിന്റെ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഉദ്പാദനത്തിനായി ഇന്ത്യയെയാണ് മുഖ്യ പങ്കാളിയായി അമേരിക്ക കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ രംഗത്ത് ഇന്ത്യയുമായി മികച്ച പങ്കാളിത്തമാണ് ബൈഡൻ ഭരണകൂടം ആഗ്രഹിക്കുന്നത്. റോട്ടാവൈറസ് വാക്സിൻ നിർമ്മാണത്തിൽ മുൻപ് ഇരു രാജ്യങ്ങളും ഒരുമിച്ച് സഹകരിച്ചിരുന്നു. കൊവിഡ് പ്രതിരോധമുൾപ്പെടെ വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം ദൗത്യ സേനകളെ നിയോഗിക്കാൻ ബൈഡൻ തീരുമാനിച്ചതായും സന്ധു പറഞ്ഞു.
നേരത്തെ, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. കൊവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു.











