റിയാദ്: ഇന്ത്യൻ അതിർത്തികളെ തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ പുതിയ കറൻസി സൗദി പിൻവലിച്ചതായി റിപ്പോർട്ടുകൾ. ശനിയാഴ്ച ജി-20 ഉച്ചകോടിക്ക് തുടക്കം കുറിക്കാനിരിക്കെയാണ് നടപടി. കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയിൽ നിന്നും വേർതിരിച്ച് കാണിച്ചു പുറത്തിറക്കിയ കറൻസി, സൗദി പിൻവലിച്ചത് ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്നാണ്.
കശ്മീരിനെ പ്രത്യേക രാജ്യമായി അടയാളപ്പെടുത്തി സൗദി പുതിയ 20 റിയാൽ കറൻസി പുറത്തിറക്കിയിരുന്നു. ഈ കറൻസിയാണ് പിൻവലിച്ചത്. കറൻസിയിലെ ഭൂപടത്തിന്റെ തെറ്റു തിരുത്തണമെന്ന് ഇന്ത്യ റിയാദ് അംബാസഡറിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതിനെ തുടർന്ന് സൗദി കറൻസി പിൻവലിക്കുകയും പ്രിന്റിംഗ് നിർത്തി വയ്ക്കുകയും ചെയ്തുവെന്നാണ് ലഭ്യമായ വിവരങ്ങൾ. പുതിയതായി പുറത്തിറക്കിയ കറൻസിയുടെ ഒരു വശത്ത് സൽമാൻ രാജാവും ജി-20 ഉച്ചകോടിയുടെ ലോഗോയും, മറുവശത്ത് ലോക ഭൂപടവുമാണുള്ളത്.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് ജി-20 ഉച്ചകോടിക്ക് സൗദി തലസ്ഥാനമായ റിയാദ് വേദിയാകുന്നത്. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ള ലോകനേതാക്കൾ വെർച്വലായി പങ്കെടുക്കും.
Discussion about this post