തിരുവനന്തപുരം: കെ എസ് എഫ് ഇ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് കണ്ടെത്തലിനെതിരെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. കെഎസ്എഫ്ഇയിൽ ഇപ്പോൾ നടക്കുന്ന പരിശോധനയിലൂടെ എതിരാളികൾക്ക് അവസം ഉണ്ടാക്കുകയാണ് വിജിലൻസ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പരിശോധനാ റിപ്പോർട്ട് സര്‍ക്കാരിന് കിട്ടും മുൻപേ മാധ്യമങ്ങളിൽ വാര്‍ത്ത വരുന്നതെങ്ങിനെയാണെന്ന് ഐസക് ചോദിച്ചു.
നിരന്തരം വാര്‍ത്ത നൽകുന്നത് ആരാണെന്ന് പരിശോധിക്കണം. മാധ്യമ വാര്‍ത്തയിലൂടെയാണോ വിജിലൻസ് കണ്ടെത്തൽ സർക്കാര്‍ അറിയേണ്ടതെന്നും ധനമന്ത്രി ചോദിച്ചു. ഇതിനു പിന്നിൽ പ്രവര്‍ത്തിച്ചത് ആരെന്ന് അന്വേഷിക്കും. മനപൂര്‍വ്വം വിവാദം ഉണ്ടാക്കാൻ ചിലര്‍ ശ്രമിക്കുന്നു. അതിന് വിജിലൻസ് കൂട്ടു നിന്നോ? വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിൽ എതിരാളികൾക്ക് എന്തിന് അവസരം ഉണ്ടാക്കി? ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
നേരത്തെ സംസ്ഥാനത്തെ വിവിധ കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. മിന്നല്‍ പരിശോധനകളില്‍ മുപ്പതിലേറെ ബ്രാഞ്ചുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി.
സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ- കെ ഫോൺ ക്രമക്കേടുകൾ എന്നിവയിൽ പെട്ട് നട്ടം തിരിയുന്ന സർക്കാരിന് കനത്ത തിരിച്ചടിയാണ് കെ എസ് എഫ് ഇ യുമായി ബന്ധപ്പെട്ട വിജിലൻസ് കണ്ടെത്തലുകൾ.
Discussion about this post